കൊല്ലപ്പെട്ട ദീപു

തിരുവനന്തപുരം: തമിഴ്‌നാട് അതിര്‍ത്തിയില്‍ കളിയിക്കാവിളയില്‍ ക്വാറി ഉടമയെ കാറിനുള്ളില്‍വെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കുടുംബം. കൊല്ലപ്പെട്ട ദീപുവിനെ നേരത്തെ 50 ലക്ഷം രൂപ ചോദിച്ച് ഗുണ്ടാസംഘം ഭീഷണിപ്പെടുത്തിയിരുന്നതായി ഭാര്യ വിധു പറഞ്ഞു. പണം നല്‍കിയില്ലെങ്കില്‍ മക്കളെ അപായപ്പെടുത്തുമെന്നായിരുന്നു ഗുണ്ടാസംഘം പറഞ്ഞിരുന്നതെന്നും ഭാര്യ പ്രതികരിച്ചു.

ഗുണ്ടാപിരിവ് നടത്തുന്നവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. അവര്‍ ഇടയ്ക്കിടെ പൈസ ചോദിക്കും. മക്കളെ ഉപദ്രവിക്കുമെന്നും പറഞ്ഞിരുന്നു. പൈസ റെഡിയാക്കി വെച്ചോ, ഇല്ലെങ്കില്‍ നിന്നെ റെഡിയാക്കുമെന്ന് ഒരിക്കല്‍ ഭീഷണിപ്പെടുത്തിയിരുന്നതായും ഭാര്യ പറഞ്ഞു.

അതിനിടെ, കൊലപാതകം നടന്ന സ്ഥലത്തുനിന്നുള്ള ചില സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കൊലപാതകിയെന്ന് സംശയിക്കുന്നയാള്‍ കൃത്യം നടത്തിയ ശേഷം ദീപുവിന്റെ കാറില്‍നിന്ന് ഇറങ്ങിപ്പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

കൊലപാതകം നടന്ന സ്ഥലത്തുനിന്നുള്ള സിസിടിവി ദൃശ്യം

ദീപുവിന്റെ കൊലപാതകത്തില്‍ കന്യാകുമാരി എസ്.പി.യുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപവത്കരിച്ചാണ് തമിഴ്‌നാട് പോലീസ് അന്വേഷണം നടത്തുന്നത്. കേസുമായി ബന്ധപ്പെട്ട് ചിലര്‍ പോലീസ് കസ്റ്റഡിയിലുള്ളതായും സൂചനയുണ്ട്.

ക്വാറി ഉടമയായ പാപ്പനംകോട് കൈമനം സ്വദേശി ദീപു കഴിഞ്ഞദിവസം രാത്രിയാണ് കാറില്‍ തമിഴ്‌നാട്ടിലേക്ക് യാത്രതിരിച്ചത്. ക്വാറിയിലേക്കുള്ള ചില സാധനങ്ങള്‍ വാങ്ങാനും തമിഴ്‌നാട്ടില്‍നിന്ന് ഒരു ജെ.സി.ബി. കൊണ്ടുവരാനുണ്ടെന്നുമാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. പത്തുലക്ഷം രൂപയും കൈവശമുണ്ടായിരുന്നു. മാര്‍ത്താണ്ഡത്തുനിന്ന് ഒരു സുഹൃത്ത് യാത്രയില്‍ പങ്കുചേരുമെന്നും ദീപു പറഞ്ഞിരുന്നു.

കളിയിക്കാവിളയിലെ ദേശീയപാതയ്ക്കരികില്‍ അസ്വാഭാവികമായനിലയില്‍ കാര്‍ കണ്ടതോടെയാണ് അരുംകൊല പുറത്തറിയുന്നത്. കാര്‍ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസെത്തി പരിശോധിച്ചതോടെയാണ് കാറിന്റെ മുന്‍സീറ്റില്‍ കഴുത്തറത്ത് കൊല്ലപ്പെട്ടനിലയില്‍ ദീപുവിനെ കണ്ടെത്തിയത്. ദീപുവിന്റെ കൈവശമുണ്ടായിരുന്ന പത്തുലക്ഷം രൂപയും നഷ്ടമായിരുന്നു.

ദീപുവിന്റെ കൈയില്‍ പണമുണ്ടെന്ന് കൃത്യമായി അറിയുന്നവരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. സംഭവം ആസൂത്രിതമായ കൊലപാതകമാണെന്നും പോലീസ് കരുതുന്നു.