കൊലപാതകത്തിന് തൊട്ടുമുമ്പ് ബർഗർ കിങ് ഔട്ട്‌ലെറ്റിൽനിന്നുള്ള സിസിടിവി ദൃശ്യം(ഇടത്ത്) പോലീസ് തിരയുന്ന അനു(വലത്ത്) | Photo Courtesy: twitter.com/PTI_ന്യൂസ് & twitter.com/TheLallantop
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബര്‍ഗര്‍ കിങ് ഔട്ട്‌ലെറ്റില്‍ യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം യുവതിയെ കേന്ദ്രീകരിച്ച് കുപ്രസിദ്ധ ഗുണ്ടാത്തലവനായ ഹിമാന്‍ഷു ബാഹുവിന്റെ സംഘത്തില്‍ ഉള്‍പ്പെട്ട ഹരിയാണ സ്വദേശി അനുവിനെ കണ്ടെത്താനായാണ് പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുന്നത്. ക്രിമിനല്‍സംഘങ്ങളുമായി നേരത്തെ തന്നെ ബന്ധമുള്ള അനുവാണ് കൊല്ലപ്പെട്ട യുവാവിനെ വശീകരിച്ച് ഭക്ഷണശാലയിലേക്ക് വിളിച്ചുവരുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. തുടര്‍ന്ന് ഭക്ഷണശാലയിലുണ്ടായിരുന്ന അക്രമിസംഘത്തിലെ മറ്റുരണ്ടുപേര്‍ യുവാവിനെ വെടിവെച്ച് കൊല്ലുകയായിരുന്നു.
ജൂണ്‍ 18-നാണ് ഡല്‍ഹി രജൗരി ഗാര്‍ഡനിലെ ‘ബര്‍ഗര്‍ കിങ്’ ഔട്ട്‌ലെറ്റില്‍വെച്ച് അമാന്‍ ജൂന്‍ എന്ന യുവാവ് കൊല്ലപ്പെട്ടത്. ഒരു യുവതിക്കൊപ്പം ബര്‍ഗര്‍ കിങ് ഔട്ട്‌ലെറ്റിലെത്തിയ യുവാവിന് നേരേ അക്രമികളായ രണ്ടുപേര്‍ വെടിയുതിര്‍ക്കുകയായിരുന്നു. 38 വെടിയുണ്ടകളാണ് യുവാവിന്റെ ശരീരത്തിലേറ്റത്. സംഭവത്തിന് പിന്നാലെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കുപ്രസിദ്ധ ഗുണ്ടാത്തലവനായ ഹിമാന്‍ഷു ബാഹു രംഗത്തെത്തി. തന്റെ കൂട്ടാളിയെ കൊലപ്പെടുത്തിയ യുവാവിനോടാണ് ഇപ്പോള്‍ പ്രതികാരം ചെയ്തിരിക്കുന്നതെന്നും പട്ടികയില്‍ ഇനിയും ആളുകളുണ്ടെന്നുമായിരുന്നു ഹിമാന്‍ഷു സാമൂഹികമാധ്യമത്തില്‍ കുറിച്ചത്. 14-ന് പകരം 40 എന്നും ഇയാള്‍ കുറിപ്പില്‍ എഴുതിയിരുന്നു. തന്റെ കൂട്ടാളിയെ 14 തവണ വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയതിന് പകരം 40 തവണ വെടിയുതിര്‍ത്ത് എതിരാളിയെ കൊലപ്പെടുത്തിയെന്നാണ് ഇതിലൂടെ പ്രതി ഉദ്ദേശിച്ചതെന്നാണ് പോലീസ് പറയുന്നത്.
നടുക്കുന്ന കൊലപാതകം, പിന്നാലെ യുവതി മുങ്ങി
ജൂണ്‍ 18-ന് രാത്രിയോടെയാണ് ഡല്‍ഹിയെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. അനുവിനൊപ്പം ബര്‍ഗര്‍ കിങ് ഔട്ട്‌ലെറ്റിലെത്തിയ അമാനെ നേരത്തെ സ്ഥലത്തുണ്ടായിരുന്ന അക്രമിസംഘം വെടിവെച്ച് കൊല്ലുകയായിരുന്നു. സംസാരിച്ചിരിക്കുന്നതിനിടെ അമാന്റെ മൊബൈല്‍ഫോണ്‍ അനു തന്ത്രപൂര്‍വം കൈക്കലാക്കി. തൊട്ടുപിന്നാലെ സമീപത്തുണ്ടായിരുന്ന അക്രമിസംഘം പിന്നില്‍നിന്ന് അമാന് നേരേ വെടിയുതിര്‍ത്തു. യുവാവ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ പിന്തുടര്‍ന്ന് നിരന്തരം വെടിയുതിര്‍ത്തുകൊണ്ടിരുന്നു. ഈ തക്കത്തില്‍ അനു സംഭവസ്ഥലത്തുനിന്ന് മുങ്ങിയിരുന്നു. ഇതെല്ലാം പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലുണ്ട്.
സൈക്കോളജിയില്‍ ബിരുദം, ക്രിമിനല്‍
കൊല്ലപ്പെട്ട അമാനെ അനുവിനെ ഉപയോഗിച്ച് ഹണിട്രാപ്പില്‍ കുരുക്കിയതാണെന്നാണ് പോലീസിന്റെ നിഗമനം. നേരത്തെ ലോറന്‍സ് ബിഷ്‌ണോയി ഉള്‍പ്പെടെയുള്ള ഗുണ്ടാത്തലവന്മാര്‍ യുവതികളെ ഉപയോഗിച്ചുള്ള ഹണിട്രാപ്പ് തന്ത്രം പരീക്ഷിച്ചിരുന്നു. ലക്ഷ്യമിടുന്നവരെ ആദ്യം യുവതികളെ ഉപയോഗിച്ച് വലയിലാക്കുകയും തുടര്‍ന്ന് ഇവരെ പ്രത്യേക സ്ഥലങ്ങളിലേക്ക് എത്തിച്ച് കൊലപ്പെടുത്തുന്നതുമാണ് രീതി. ഇതേ മാര്‍ഗമാണ് അമാനെ കൊലപ്പെടുത്താനായി ഹിമാന്‍ഷു ബാഹു അനുവിനെ ഉപയോഗിച്ച് നടപ്പിലാക്കിയതും.
Trigger warning: Some readers may find the content of this video disturbing. Discretion is advised.
ഹരിയാണ റോത്തക്ക് സ്വദേശിയായ അനു നാട്ടില്‍ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നാണ് പോലീസ് നല്‍കുന്നവിവരം. മികച്ച ഗ്രേഡുകള്‍ നേടി സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ യുവതി സൈക്കോളജിയില്‍ ബിരുദധാരിയാണെന്നും പോലീസ് പറയുന്നു. ഇതിനുശേഷമാണ് ക്രിമിനല്‍സംഘങ്ങളുമായി യുവതി ചങ്ങാത്തത്തിലായത്.
15 ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍, വ്യാജ ആധാര്‍ കാര്‍ഡ്
ഹരിയാണയില്‍നിന്ന് ഡല്‍ഹിയിലെത്തിയ അനു വ്യാജ ആധാര്‍ കാര്‍ഡ് നല്‍കിയാണ് നഗരത്തിലെ പി.ജി. ഹോസ്റ്റലില്‍ താമസിച്ചിരുന്നത്. മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കാനെന്ന് പറഞ്ഞാണ് യുവതി ഹോസ്റ്റലില്‍ മുറിയെടുത്തിരുന്നത്. എന്നാല്‍, സംഭവത്തിന് പിന്നാലെ യുവതി ഹോസ്റ്റലിലെ മുറി ഒഴിവാക്കി നഗരത്തില്‍നിന്ന് മുങ്ങി. പോലീസ് അന്വേഷിച്ചെത്തിയപ്പോള്‍ വീട്ടില്‍ എന്തോ അത്യാഹിതം സംഭവിച്ചെന്ന് പറഞ്ഞ് യുവതി പോയെന്നും ഡെപ്പോസിറ്റ് തുക സുഹൃത്തിനെ ഏല്‍പ്പിക്കാന്‍ നിര്‍ദേശിച്ചെന്നുമായിരുന്നു ഹോസ്റ്റലുടമയുടെ മൊഴി.
കൊല്ലപ്പെട്ട അമാനുമായി ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി അടുപ്പം സ്ഥാപിച്ചതെന്നാണ് പോലീസ് കണ്ടെത്തല്‍. പ്രീതി എന്ന പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നിര്‍മിച്ച് അമാനുമായി പരിചയത്തിലായി. തുടര്‍ന്ന് ഈ സൗഹൃദം വളര്‍ത്തിയെടുക്കുകയായിരുന്നു.
കുറഞ്ഞത് 15 ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളെങ്കിലും യുവതി ഉപയോഗിച്ചിരുന്നതായാണ് പോലീസിന്റെ നിഗമനം. ഹിമാന്‍ഷുവിന്റെ നിര്‍ദേശപ്രകാരം കൂടുതല്‍പേരുമായി ഈ അക്കൗണ്ടുകളിലൂടെ യുവതി ലക്ഷ്യമിട്ടിരുന്നതായും പോലീസ് സംശയിക്കുന്നു.
കൊലപാതകത്തിന് പിന്നാലെ പോലീസ് വ്യാപകമായ അന്വേഷണം നടത്തുന്നുണ്ടെങ്കിലും യുവതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. ഡല്‍ഹിയില്‍നിന്ന് യുവതി ജമ്മുകശ്മീരിലേക്ക് കടന്നതായി വിവരം ലഭിച്ചതോടെ പോലീസും അവിടേക്ക് തിരിച്ചിരുന്നു. എന്നാല്‍, ജൂണ്‍ 20-ാം തീയതി പോലീസ് എത്തുന്നതിന് തൊട്ടുമുമ്പ് യുവതി കശ്മീരിലെ കത്രയില്‍നിന്ന് ട്രെയിനില്‍ രക്ഷപ്പെട്ടെന്നാണ് പോലീസ് പറയുന്നത്. കത്രയില്‍നിന്ന് മുംബൈയിലേക്കുള്ള ട്രെയിനിലാണ് യുവതി യാത്രതിരിച്ചത്. മുംബൈ വഴി ഗോവയിലേക്കും അവിടെനിന്ന് രാജ്യംവിടാനുമാണ് യുവതിയുടെ പദ്ധതിയെന്നാണ് പോലീസ് സംശയിക്കുന്നത്. യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയ രണ്ടുപേരും യുവതിക്കൊപ്പം രാജ്യംവിടാന്‍ ശ്രമിക്കുന്നതായും പോലീസ് കരുതുന്നു.
