യൂറോ കപ്പിൽ ഹംഗറി – സ്‌കോട്ട്ലൻഡ് മത്സരത്തിനിടെ ഹംഗേറിയൻ സ്ട്രൈക്കർ ബർണബാസ് വർഗയ്ക്ക് പരിക്കേൽക്കുന്നു | Photo: Getty Images

സ്റ്റട്ട്ഗര്‍ട്ട്: യൂറോ കപ്പില്‍ കഴിഞ്ഞ ദിവസം നടന്ന ഹംഗറി – സ്‌കോട്ട്‌ലന്‍ഡ് മത്സരത്തിനിടെ ഗുരുതരമായി പരിക്കേറ്റ ഹംഗേറിയന്‍ സ്‌ട്രൈക്കര്‍ ബര്‍ണബാസ് വര്‍ഗയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മത്സരത്തിനിടെ സ്‌കോട്ടിഷ് ഗോള്‍കീപ്പര്‍ ആന്‍ഗസ് ഗണ്ണുമായി കൂട്ടിയിടിച്ച വര്‍ഗയുടെ മുഖത്തെ എല്ലുകള്‍ക്ക് പൊട്ടലുണ്ടായിരുന്നു. വര്‍ഗ അപകടനില തരണം ചെയ്‌തെന്ന് ഹംഗറി കോച്ച് മാര്‍ക്കോ റോസ്സി അറിയിച്ചു. മുഖത്തെ പൊട്ടലിനാണ് താരത്തിന് ശസ്ത്രക്രിയ ചെയ്തത്.

മത്സരത്തിനിടെ 69-ാം മിനിറ്റിലായിരുന്നു സംഭവം. ഗണ്ണുമായി കൂട്ടിയിടിച്ച വര്‍ഗ ബോധരഹിതനായി നിലത്തുവീണു. പിന്നീടുള്ള നിമിഷങ്ങള്‍ ഫുട്‌ബോള്‍ ആരാധകരെ മുഴുവന്‍ ആശങ്കയിലാക്കുന്നതായിരുന്നു. താരത്തിന് അടിയന്തര ശുശ്രൂഷ നല്‍കാനായി മെഡിക്കല്‍ സംഘം ഉടന്‍ ഗ്രൗണ്ടിലെത്തി. വൈദ്യസഹായം നല്‍കുന്നതിനിടെ സഹതാരങ്ങളും മെഡിക്കല്‍ സംഘത്തിലുള്ളവരും തുണികൊണ്ട് മറവ് തീര്‍ത്തത് ശ്രദ്ധേയമായി. പിന്നാലെ സ്ട്രെക്ച്ചറില്‍ വര്‍ഗയെ പുറത്തെത്തിച്ച് സ്റ്റട്ട്ഗര്‍ട്ടിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. താരത്തിന് യൂറോ കപ്പിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും.