വി.ഡി. സതീശൻ

തിരുവനന്തപുരം: ടി.പി കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകിയാൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പുറത്തിറങ്ങാനാകാത്തവിധം പ്രക്ഷോഭങ്ങൾക്ക് കേരളം സാക്ഷ്യംവഹിക്കേണ്ടിവരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ടി.പി കേസിലെ മൂന്ന് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് അനുവദിക്കാനുള്ള നീക്കം സംബന്ധിച്ച് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ടി.പി. കേസിൽ ഒരു വിട്ടുവീഴ്ചയും പ്രതിപക്ഷത്തിന്റെ ഭാ​ഗത്തുനിന്ന് ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയ വി.ഡി സതീശൻ, സർക്കാർ എന്ത് നടപടി സ്വീകരിച്ചാലും അതിനെ എതിർക്കുമെന്നും പറഞ്ഞു. സഭയിൽ മുഖ്യമന്ത്രി പറയേണ്ട മറുപടിയാണ് സ്പീക്കർ പറഞ്ഞതെന്നും ശിക്ഷായിളവ് സംബന്ധിച്ച് ഇനി ചർച്ചയില്ലെന്നും സതീശൻ വ്യക്തമാക്കി.

ടിപി കേസിലെ പ്രതികളുടെ ദേഹത്ത് ഒരു തരി മണ്ണുവീണാൽ സിപിഎം നേതാക്കൾക്ക് എങ്ങനെയാണ് നോവുന്നതെന്ന് കെ.കെ. രമ എം.എൽ.എ. ചോദിച്ചു. പ്രതികളെ സി.പി.എം എത്രമാത്രം ഭയക്കുന്നു എന്നതിനുള്ള തെളിവാണിത്. മുഖ്യമന്ത്രിയുടെ മുഖത്തുനോക്കി ചോദിക്കാൻ ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നു. ഇതിനെ സർക്കാരും മുഖ്യമന്ത്രിയും ഭയക്കുന്നു. അതിനാലാണ് മുഖ്യമന്ത്രിക്ക് പകരം സ്പീക്കർ മറുപടി പറഞ്ഞത്. ഇത് ജനാധിപത്യ കേരളത്തോടുള്ള അവഹേളനമാണ്. പ്രതികളെ വിട്ടയക്കാനാണ് നീക്കമെങ്കിൽ അതിശക്തമായ പ്രതിഷേധത്തിലേക്കുപോകുമെന്നും വിഷയത്തിൽ ​ഗവർണറെ കാണാൻ തീരുമാനിച്ചതായും അവർ കൂട്ടിച്ചേർത്തു.