Photo | AP

ടി20 ലോകകപ്പില്‍ ഇതുവരെ ഇന്ത്യക്ക് പറയത്തക്ക ശക്തരായ എതിരാളികളെ ലഭിച്ചിരുന്നില്ല. ആകെ കളിച്ച നാല് മത്സരങ്ങള്‍ അയര്‍ലന്‍ഡ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരെയായിരുന്നു. അതുകൊണ്ടുതന്നെ തിങ്കളാഴ്ച ഓസ്‌ട്രേലിയക്കെതിരായ മത്സരമാണ് എല്ലാവരും ഉറ്റുനോക്കിയത്. ഇന്ത്യയുടെ ശക്തി അളക്കാനാവുന്ന മത്സരമെന്നതിനാലും ലോകകപ്പിലെ ഹെവി വെയ്റ്റ് മത്സരമെന്നതിനാലും വലിയ പ്രാധാന്യം ലഭിച്ചു.

ഓസ്‌ട്രേലിയക്കെതിരേ പക്ഷേ, രോഹിത് ശര്‍മ തന്റെ പഴയ ഹിറ്റ്മാന്‍ സ്വഭാവം പൂണ്ടു. സിക്‌സുകളും ബൗണ്ടറികളും തലങ്ങും വിലങ്ങും പായിച്ചു. മിച്ചല്‍ സ്റ്റാര്‍ക്കെറിഞ്ഞ 12-ാം ഓവറില്‍ ബൗള്‍ഡായി മടങ്ങുമ്പോള്‍ 41 പന്തില്‍ 92 റണ്‍സായിരുന്നു ഹിറ്റ്മാന്റെ സമ്പാദ്യം. എട്ട് സിക്‌സും ഏഴ് ബൗണ്ടറിയും കോര്‍ത്തിണക്കിയ നയനാനന്ദകരമായ ഇന്നിങ്‌സ്. അര്‍ഹിച്ച സെഞ്ചുറിക്ക് എട്ട് റണ്‍സ് അകലെ വീണെന്ന നിരാശ മാത്രം ബാക്കിയായി.

ഇന്ത്യയുടെ വലംകൈയന്‍ ബാറ്റര്‍മാരെ നേരിടാനാണ് സ്റ്റാര്‍ക്കിനെ ഓസ്‌ട്രേലിയ ലൈനപ്പില്‍ കൊണ്ടുവന്നത്. അത് ഓസീസിനെത്തന്നെ തിരികെക്കൊത്തി. സ്റ്റാര്‍ക്ക് എറിഞ്ഞ മൂന്നാം ഓവറില്‍ 6,6,4,6,0,WD,6 എന്ന വിധത്തിലാണ് രോഹിത് അമ്മാനമാടിയത്. ആ ഓവറിലാകെ ലഭിച്ചത് 29 റണ്‍സ്. ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ ഒരോവറില്‍ സ്റ്റാര്‍ക്ക് വഴങ്ങിയ ഏറ്റവും കൂടുതല്‍ റണ്‍സ്. ദുബായില്‍ നടന്ന 2021 ലോകകപ്പ് ഫൈനലില്‍ ന്യൂസീലന്‍ഡിനെതിരേ ഒരോവറില്‍ 22 റണ്‍സ് വഴങ്ങിയതായിരുന്നു ഇതുവരെ സ്റ്റാര്‍ക്കിന്റെ പേരില്‍ നിലനിന്നിരുന്ന മോശം ഓവര്‍. അത് രോഹിത്ത് തിരുത്തിയെഴുതി.

അവിടംകൊണ്ടും രോഹിത് അവസാനിപ്പിച്ചില്ല. അഞ്ചാം ഓവര്‍ എറിഞ്ഞ കമിന്‍സിനെ സിക്‌സിനു പറത്ത് രോഹിത് മറ്റൊരു പൊന്‍തൂവല്‍കൂടി തലപ്പാവിലണിഞ്ഞു. അന്താരാഷ്ട്ര ടി20 മത്സരങ്ങളില്‍ 200 സിക്‌സ് നേടുന്ന ഒരേയൊരു കളിക്കാരന്‍. ഇടക്ക് മഴയെത്തി നിര്‍ത്തി പുനരാരംഭിക്കേണ്ടി വന്നിട്ടും രോഹിത്തിലെ ആക്രമണകാരി അടങ്ങിയില്ല. അഞ്ചാം ഓവറില്‍ അര്‍ധ സെഞ്ചുറി. കേവലം 19 പന്തില്‍നിന്നാണ് 50 റണ്‍സ് നേടിയത്. അപ്പോള്‍ ടീം സ്‌കോര്‍ 52 ആയിരുന്നുവെന്നുകൂടി ഓര്‍ക്കണം. ബാബര്‍ അസമിനെയും വിരാട് കോലിയെയും മറികടന്ന് ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായതും ഇന്നത്തെ ഇന്നിങ്‌സോടെയാണ്. 4165 റണ്‍സാണ് രോഹിത്തിന്റെ പേരിലുള്ളത്. ബാബര്‍ അസം (4145), വിരാട് കോലി (4103) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

ഇതിനിടെ രോഹിത് മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ടു. ടി20 യില്‍ പന്ത് അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ അര്‍ധസെഞ്ചുറി നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാവാനും കഴിഞ്ഞു. 12 പന്തില്‍ യുവരാജ് സിങ്, 18 വീതം പന്തുകളില്‍ കെ.എല്‍. രാഹുല്‍, സൂര്യകുമാര്‍ യാദവ്, 19 പന്തില്‍ ഗൗതം ഗംഭീര്‍ എന്നിവരാണ് മറ്റുള്ളവര്‍.

അവിടെയും തീരുന്നില്ല രോഹിത് തീര്‍ത്ത താണ്ഡവത്തിന്റെ ആഴം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു ടീമിനെതിരേ ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന താരമെന്ന ക്രിസ് ഗെയ്‌ലിന്റെ റെക്കോഡ് മറികടക്കാനും രോഹിത്തിന്‌ കഴിഞ്ഞു. ഇംഗ്ലണ്ടിനെതിരേ 130 സിക്‌സുകളാണ് ഗെയില്‍ നേടിയത്. ഓസ്‌ട്രേലിയക്കെതിരേ രോഹിത് 132 സിക്‌സുകള്‍ നേടിക്കഴിഞ്ഞു. ടി20 ലോകകപ്പില്‍ ഒരു ടീമിനെതിരേ എട്ട് സിക്‌സുകള്‍ നേടിയ ഓരേയൊരു ഇന്ത്യന്‍ ബാറ്ററും രോഹിത് തന്നെ. 2007-ല്‍ ഡര്‍ബനില്‍ ഇംഗ്ലണ്ടിനെതിരേ യുവരാജ് സിങ് നേടിയ ഏഴ് സിക്‌സാണ് ഇതിനു മുന്‍പത്തെ ടി20യിലെ റെക്കോഡ്.

ടി20 ലോകകപ്പിലെ രോഹിത് ശര്‍മയുടെ ഏറ്റവും മികച്ച സ്‌കോറാണ് സെന്റ് ലൂസിയയില്‍ കണ്ടത്. 2010-ല്‍ ബ്രിജ്ടൗണില്‍ പുറത്താവാതെ നേടിയ 79 റണ്‍സാണ് ഇതിനുമുന്‍പത്തെ ലോകകപ്പ് ടോപ് സ്‌കോര്‍. ടി20 ലോകകപ്പില്‍ ഇന്ത്യക്കായി വലിയ വ്യക്തിഗത സ്‌കോര്‍ നേടുന്ന രണ്ടാമത്തെ താരമെന്ന പേരും രോഹിത് സ്വന്തം പേരില്‍ ചേര്‍ത്തു. 2010-ല്‍ സുരേഷ് റെയ്‌ന നേടിയ 101 റണ്‍സാണ് ഏറ്റവും വലിയ വ്യക്തിഗത സ്‌കോര്‍. ടി20 ലോകകപ്പ് ചരിത്രത്തില്‍ ക്യാപ്റ്റന്മാരുടെ കൂട്ടത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഇന്നിങ്‌സും രോഹിത് സ്വന്തമാക്കി. 2010-ല്‍ ക്രിസ് ഗെയ്ല്‍ നേടിയ 98 റണ്‍സ് കഴിഞ്ഞാല്‍, 92 റണ്‍സ് നേടിയ രോഹിത്തിന്റേതാണ് ക്യാപ്റ്റന്‍മാരുടെ കൂട്ടത്തിലെ മികച്ച ഇന്നിങ്‌സ്.