ആക്രമണത്തിൻറെ ദൃശ്യം
മോസ്‌കോ: റഷ്യയിലെ ഡാഗസ്താന്‍ പ്രവിശ്യയില്‍ വ്യത്യസ്ത ഇടങ്ങളിലുണ്ടായ വെടിവെപ്പില്‍ 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഡെര്‍ബന്റ്, മഖച്കല എന്നിവിടങ്ങളിലാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഡര്‍ബെന്റിലെ രണ്ട് ഓർത്തഡോക്സ് പള്ളികൾക്കും ഒരു ജൂത ദേവാലയത്തിനും നേരെയും മഖച്കലയിലെ പോലീസ് എയ്ഡ് പോസ്റ്റിനും നേരെയായിരുന്നു ആക്രമണം. മരിച്ചവരില്‍ പോലീസുകാരും ഒരു വൈദികനും പള്ളിയിലെ സുരക്ഷാ ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നതായി റഷ്യന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജൂത ദേവാലയം അഗ്നിക്കിരയാക്കിയതായും റിപ്പോര്‍ട്ടുണ്ട്.
ആക്രമണം നടത്തിയത് ഒരു അന്താരാഷ്ട്ര ഭീകര സംഘടനയില്‍പ്പെട്ടവരാണെന്ന് റഷ്യന്‍ അധികൃതര്‍ വ്യക്തമാക്കി. പ്രത്യാക്രമണത്തില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
