പ്രദീപ് നായർ
തിരുവല്ല ∙ പിതാവിന്റെ സംസ്കാരച്ചടങ്ങിനുള്ള ക്രമീകരണങ്ങൾക്കായി പോയി മടങ്ങവേ മകൻ മണിമലയാറ്റിൽ ഒഴുക്കിൽപെട്ട് കാണാതായി. ഇരവിപേരൂർ വള്ളംകുളം പ്രിയ മഹൽ (കുന്നുംപുറത്ത്) പ്രദീപ് നായരെയാണ് (സോനു–44) പൂവപ്പുഴക്കടവിൽ കാണാതായത്. ഇന്നലെ ഒന്നരയോടെയായിരുന്നു സംഭവം.
പ്രദീപിന്റെ പിതാവ് കെ.ജി.സോമശേഖരൻ നായർ (77) ഇന്നലെ പുലർച്ചെ 2.15നാണ് വാർധക്യസഹജമായ അസുഖത്തെ തുടർന്നു മരിച്ചത്. ഇന്ന് സംസ്കാരം നടത്തുന്നതിനുള്ള ഒരുക്കങ്ങൾക്കായി പോയി മടങ്ങവെ പൂവപ്പുഴ കടവിൽ മുഖം കഴുകാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. കടവിൽ തുണി കഴുകിക്കൊണ്ടിരുന്ന സ്ത്രീ, പ്രദീപ് ഒഴുക്കിൽപെടുന്നത് കണ്ടു ബഹളംവച്ചപ്പോൾ നാട്ടുകാർ ഓടിയെത്തിയെങ്കിലും ശക്തമായ ഒഴുക്കായതിനാൽ ആർക്കും ഇറങ്ങാനായില്ല. കുറച്ചുകാലം വിദേശത്തായിരുന്ന പ്രദീപ് നാട്ടിലെത്തിയ ശേഷം ഐടി മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച് വരികയായിരുന്നു.
അഗ്നിസുരക്ഷാ സേനയുടെ സ്കൂബ ടീമും നാട്ടുകാരും ഇന്നലെ വൈകിട്ടുവരെ തിരഞ്ഞെങ്കിലും പ്രദീപിനെ കണ്ടെത്താനായില്ല. സോമശേഖരൻ നായർ നാഗാലാൻഡ് ആരോഗ്യവകുപ്പിലെ റിട്ട. ഉദ്യോഗസ്ഥനാണ്. സോമശേഖരൻ നായരുടെ ഭാര്യ: പ്രിയ സോമൻ. മകൾ: സോണി.
