ബൊളീവിയയ്‍ക്കെതിരായ മത്സരത്തിൽ ഗോൾ നേടിയ യുഎസ്എ താരം ക്രിസ്റ്റ്യൻ പുലിസിക്കിന്റെ ആഹ്ലാദം (Photo by Aric Becker / AFP)
ടെക്സാസ്∙ ഒരു ഗോളടിച്ചും മറ്റൊന്നിനു വഴിയൊരുക്കിയും സൂപ്പർതാരം ക്രിസ്റ്റ്യൻ പുലിസിക് തിളങ്ങിയ മത്സരത്തിൽ, ബൊളീവിയയെ വീഴ്ത്തി യുഎസ്എ. ഗ്രൂപ്പ് സിയിലെ ആവേശപ്പോരാട്ടത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് യുഎസ്എയുടെ വിജയം. മത്സരത്തിന്റെ ആദ്യ പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്.
മത്സരത്തിന്റെ മൂന്നാം മിനിറ്റിൽത്തന്നെ യുഎസിനു ലീഡ് സമ്മാനിച്ച പുലിസിക്, 44–ാം മിനിറ്റിൽ ഫൊളാറിൻ ബലോഗൻ നേടിയ ഗോളിനും വഴിയൊരുക്കി വിജയശിൽപിയായി. രണ്ടാം പകുതിയിൽ പകരക്കാരനായി എത്തിയ റിക്കാർഡോ പെപ്പിക്ക് ലീഡ് വർധിപ്പിക്കാൻ സുവർണാവസരം ലഭിച്ചെങ്കിലും ബൊളീവിയൻ ഗോൾകീപ്പറുടെ തകർപ്പൻ സേവ് ഗോൾ നിഷേധിച്ചു.
