Photo:AP
ആന്റിഗ്വ: ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക സെമിയില്‍. സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ ആതിഥേയരായ വെസ്റ്റിന്‍ഡീസിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് പ്രോട്ടീസ് സെമി ടിക്കറ്റെടുത്തത്. വിന്‍ഡീസ് നിശ്ചിത 20-ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 135-റണ്‍സെടുത്തു. മഴ മൂലം 17-ഓവറില്‍ 123-റണ്‍സായിരുന്നു ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ അഞ്ച് പന്തുകള്‍ ബാക്കി നില്‍ക്കേ ദക്ഷിണാഫ്രിക്ക ലക്ഷ്യത്തിലെത്തി. അതോടെ വിന്‍ഡീസ് സെമി കാണാതെ പുറത്തായി. ഗ്രൂപ്പ് രണ്ടില്‍ ചാമ്പ്യന്‍മാരായാണ് ദക്ഷിണാഫ്രിക്ക സെമിയിലെത്തിയത്.
ഗ്രൂപ്പില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നായി ആറ് പോയന്റാണ് ദക്ഷിണാഫ്രിക്കയ്ക്ക്. സൂപ്പര്‍ എട്ട് ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും ടീം ജയിച്ചു. പട്ടികയില്‍ രണ്ടാമതുള്ള ഇംഗ്ലണ്ട് നേരത്തേ സെമിയിലെത്തിയിരുന്നു. ടി20 ലോകകപ്പില്‍ സെമിയിലെത്തുന്ന ആദ്യ ടീമായിരുന്നു ഇംഗ്ലണ്ട്. മൂന്ന് മത്സരങ്ങളില്‍ നിന്ന് 4- പോയന്റാണ് ഇംഗ്ലണ്ടിനുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് രണ്ട് പോയന്റുള്ള വെസ്റ്റിന്‍ഡീസ് മൂന്നാമതാണ്. ജയിച്ചാല്‍ സെമിയിലേക്ക് മുന്നേറാമായിരുന്നെങ്കിലും കളി പരാജയപ്പെട്ടതോടെ പുറത്തായി.
136 റണ്‍സ് വിജയലക്ഷവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ തുടക്കത്തില്‍ തന്നെ വിന്‍ഡീസ് വിറപ്പിച്ചു. ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡി കോക്കിനേയും(12) റീസ ഹെന്‍ഡ്രിക്‌സിനേയും(0) പുറത്താക്കി റസലാണ് വിന്‍ഡീസിന് പ്രതീക്ഷ നല്‍കിയത്. എന്നാല്‍ രണ്ടോവര്‍ കഴിഞ്ഞതോടെ മത്സരം മഴ തടസ്സപ്പെടുത്തി. രണ്ടോവറില്‍ 15-2 എന്ന നിലയിലായിരുന്നു പ്രോട്ടീസ്. മഴ മാറിയെങ്കിലും നനഞ്ഞ ഔട്ട്ഫീല്‍ഡ് വീണ്ടും വില്ലനായി. ഒടുക്കം ഓവര്‍ കുറച്ച് മത്സരം പുനരാരംഭിച്ചു.
17 ഓവറില്‍ 123 റണ്‍സായി ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം മാറി. 90 പന്തില്‍ നിന്ന് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടത് 108 റണ്‍സ്. എയ്ഡന്‍ മാര്‍ക്രം, ട്രിസ്റ്റണ്‍ സ്റ്റബ്‌സ് എന്നിവര്‍ പതിയെ സ്‌കോറുയര്‍ത്തി. ടീം സ്‌കോര്‍ 42 ല്‍ നില്‍ക്കേ എയ്ഡന്‍ മാര്‍ക്രം(18) പുറത്തായി. അല്‍സാരി ജോസഫാണ് താരത്തെ പുറത്താക്കി വിന്‍ഡീസിന് വീണ്ടും ജയപ്രതീക്ഷ സമ്മാനിച്ചത്. പിന്നീടിറങ്ങിയ ഹെന്റിച്ച് ക്ലാസന്‍ വെടിക്കെട്ട് നടത്തിയതോടെ ദക്ഷിണാഫ്രിക്കയും കളി കടുപ്പിച്ചു. സ്‌കോര്‍ 50-കടത്തിയ ക്ലാസന്‍ ടീം 77 ല്‍ നില്‍ക്കേ പുറത്തായി. ഇത്തവണയും അല്‍സാരി ജോസഫാണ് വിക്കറ്റെടുത്തത്. പിന്നാലെ ഡേവിഡ് മില്ലറും സ്റ്റബ്‌സും(29) മടങ്ങി. 14-പന്തില്‍ നിന്ന് 4 റണ്‍സെടുത്ത മില്ലര്‍ നിരാശപ്പെടുത്തി. കേശവ് മഹാരാജും മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക 110-7 എന്ന നിലയിലേക്ക് വീണു. എന്നാല്‍ മാര്‍കോ ജാന്‍സനും റബാദയും ടീമിനെ വിജയത്തിലെത്തിച്ചു.
നേരത്തേ നിശ്ചിത 20-ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ വെസ്റ്റിന്‍ഡീസ് 135- റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ റോസ്റ്റണ്‍ ചേസും ഓപ്പണര്‍ കൈല്‍ മേയേഴ്‌സിന്റെ ഇന്നിങ്‌സുമാണ് വിന്‍ഡീസിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.
സെമി ലക്ഷ്യമിട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്‍ഡീസിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. അഞ്ച് റണ്‍സെടുക്കുന്നതിനിടെ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഷായ് ഹോപ് ഇത്തവണ ആദ്യ പന്തില്‍ തന്നെ പുറത്തായി. പിന്നാലെ നിക്കോളാസ് പുരാനേയും(1) കൂടാരം കയറ്റി. മൂന്നാം വിക്കറ്റില്‍ ഒന്നിച്ച കൈല്‍ മേയേഴ്‌സും റോസ്റ്റണ്‍ ചേസുമാണ് ടീമിന്റെ രക്ഷിച്ചത്. ശ്രദ്ധയോടെ ബാറ്റേന്തിയ ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 50-കടത്തി. തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയെങ്കിലും കൂടുതല്‍ റണ്‍സ് കണ്ടെത്തുന്നതിന് മുമ്പേ കൈല്‍ മേയേഴ്‌സ് പുറത്തായി. ടീം സ്‌കോര്‍ 86-ല്‍ നില്‍ക്കേ 34 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത താരത്തെ തബ്രൈസ് ഷംസി മടക്കി. പിന്നീട് വന്നവര്‍ക്കാര്‍ക്കും കാര്യമായ സംഭാവന നല്‍കാനായില്ല.
നായകന്‍ റോവ്മാന്‍ പവല്‍(1),ഷെര്‍ഫാനെ റൂഥര്‍റഫോര്‍ഡ്(0)അകീല്‍ ഹൊസൈന്‍(6) എന്നിവര്‍ വേഗം മടങ്ങി. 9-പന്തില്‍ നിന്ന് 15 റണ്‍സെടുത്ത ആന്ദ്രെ റസല്‍ റണ്ണൗട്ടായി. ഒടുവില്‍ നിശ്ചിത 20-ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സിന് വിന്‍ഡീസ് ഇന്നിങ്‌സ് അവസാനിച്ചു. അല്‍സാരി ജോസഫ് (11), ഗുദകേശ് മോത്തി(4) എന്നിവര്‍ പുറത്താകാതെ നിന്നു.
നാല് ഓവറില്‍ 27 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത ഷംസിയാണ് ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങിയത്. മാര്‍കോ ജാന്‍സന്‍, മാര്‍ക്രം, കേശവ് മഹാരാജ്, റബാദ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
