ഇംഗ്ലണ്ട്– യുഎസ്‌എ മത്സരശേഷം(Photo by Chandan Khanna / AFP)

ബാർബഡോസ്∙ ഓസ്ട്രേലിയയ്ക്കെതിരെ തോറ്റ് തുടങ്ങിയെങ്കിലും ട്വന്റി20 ലോകകപ്പിൽ സെമി ഫൈനൽ ഉറപ്പിക്കുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്. ആതിഥേയരായ യുഎസ്എയെ പത്തു വിക്കറ്റിനു തോൽപ്പിച്ചാണ് നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടിന്റെ സെമിപ്രവേശം. യുഎസ്എ ഉയർത്തിയ 116 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് വെറും 9.4 ഓവറിൽ ലക്ഷ്യം മറികടന്നു. ഓപ്പണർമാരായ ക്യാപ്റ്റൻ ജോസ് ബട്‍‌ലർ (38 പന്തിൽ 83), ഫിൽ സോൾട്ട് (21 പന്തിൽ 25) എന്നിവരുടെ മിന്നൽ ബാറ്റിങ്ങാണ് ഇംഗ്ലണ്ടിന് അനായാസ വിജയം സമ്മാനിച്ചത്. ഏഴു സിക്സും ആറു ഫോറുമാണ് ബട്‌ലറിന്റെ ബാറ്റിൽനിന്നു പിറന്നത്.

മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഹാട്രിക്ക് അടക്കം നാല് വിക്കറ്റ് വീഴ്ത്തിയ ക്രിസ് ജോർദൻ ഉൾപ്പെടെയുള്ളവരുടെ ബോളിങ് പ്രകടനത്തിന്റെ മികവിലാണ് യുഎസ്എയെ ഇംഗ്ലണ്ട് ചെറിയ സ്കോറിലൊതുക്കിയത്. ഇംഗ്ലണ്ടിനായി സാം കറൻ, ആദിൽ റഷീദ് എന്നിവർ രണ്ടു വിക്കറ്റ് വീതവും റീസ് ടോപ്‌ലി ഒരു വിക്കറ്റും വീഴ്ത്തി. 24 പന്തിൽ 30 റൺസെടുത്ത നിതീഷ് കുമാർ ആണ് യുഎസ് നിരയിലെ ടോപ് സ്കോറർ. കോറി ആൻഡേഴ്സൺ (29), ഹർമ്രീസ് സിങ് (21) എന്നിവരും പൊരുതി. 18.5 ഓവറിൽ 115 റൺസിന് അവർ ഓൾ ഔട്ടാകുകയായിരുന്നു.