വാഹനത്തിൽ ഹാൻഡ്ബ്രേക്ക് ഘടിപ്പിക്കുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ദീപു എൻ.കെ. (വലത്ത്)
ഹാന്‍ഡ്ബ്രേക്ക് (പാര്‍ക്കിങ് ലിവര്‍) ഇടാന്‍ മറക്കുന്നതുകൊണ്ടുള്ള വാഹനാപകടങ്ങള്‍ക്കു പരിഹാരവുമായി മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍. ഹാന്‍ഡ്‌ബ്രേക്ക് ഇട്ടില്ലെങ്കില്‍ ശബ്ദസന്ദേശത്തിലൂടെ മുന്നറിയിപ്പു നല്‍കുന്ന സംവിധാനം തയ്യാറാക്കിയത് ദേവികുളം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ദീപു എന്‍.കെ.യാണ്.
വാഹനങ്ങള്‍ നിര്‍ത്തിയിടുമ്പോള്‍ പാര്‍ക്കിങ് ബ്രേക്ക് ലിവര്‍ ഉയര്‍ത്താന്‍ മറക്കുന്നത് അപകടങ്ങള്‍ക്കു കാരണമാകുന്നുണ്ട്. സീറ്റ് ബെല്‍റ്റ്, ടയറിലെ കാറ്റ് തുടങ്ങിയവയില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ സൂചന വാഹനത്തില്‍നിന്നു ലഭിക്കും. കാലാവസ്ഥാമാറ്റവും നാവിഗേഷനുമുള്‍പ്പെടെയുള്ള കാര്യങ്ങളിലും ഇപ്പോള്‍ വാഹനംതന്നെ മുന്നറിയിപ്പു നല്‍കും. എന്നാല്‍, ഹാന്‍ഡ് ബ്രേക്കിന്റെ കാര്യത്തില്‍ ഇന്ത്യന്‍ നിര്‍മിതമോ ഇറക്കുമതി ചെയ്യുന്നതോ ആയ വാഹനങ്ങളില്‍ ഇതുവരെ മുന്നറിയിപ്പു നല്‍കുന്ന സംവിധാനമില്ല.
ഹാന്‍ഡ് ബ്രേക്ക് ഇടാന്‍ മറക്കുന്നതിനാല്‍ നിര്‍ത്തിയിട്ട വാഹനം ഉരുണ്ടുപോയി അപകടങ്ങളുണ്ടാകുന്നതും പതിവാണ്. മൂവാറ്റുപുഴയിലും കാസര്‍കോട്ടും നിര്‍ത്തിയിട്ട വാഹനം താനേ ഉരുണ്ടുനീങ്ങി യുവാവും പോലീസുകാരനും മരിച്ചതിനെത്തുടര്‍ന്നാണ് ഈ സംവിധാനത്തെക്കുറിച്ചു ചിന്തിച്ചതെന്ന് ദീപു പറയുന്നു.
വാഹനത്തിന്റെ ഡോറിലും പാര്‍ക്കിങ് ലിവറിലുമായി സ്വിച്ചുകള്‍ ഘടിപ്പിച്ച് അവ തമ്മില്‍ ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഹാന്‍ഡ് ബ്രേക്ക് ഇടാന്‍ മറന്നാല്‍ ഇവ തമ്മില്‍ പ്രവര്‍ത്തിച്ച് മുന്നറിയിപ്പുശബ്ദം പുറപ്പെടുവിക്കും. വാഹനത്തിന്റെ എന്‍ജിന്‍ ഓണായാലും ഓഫായാലും ശബ്ദസന്ദേശം ലഭിക്കും. 3500 രൂപയ്ക്ക് ഇത് വാഹനങ്ങളില്‍ ഘടിപ്പിക്കാമെന്ന് ദീപു പറഞ്ഞു.
