മരിച്ച അഭിലേഷ് കുമാർ

വെള്ളറട ∙ എട്ടാം ക്ലാസ് വിദ്യാർഥിയെ ദുരൂഹ സാഹചര്യത്തിൽ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോവില്ലൂർ അമ്പലത്തുവിളാകം എ.കെ.ഹൗസിൽ അരുളാനന്ദ കുമാറിന്റെയും ഷൈനിയുടേയും ഏക മകൻ അഭിലേഷ് കുമാർ (13) ആണ് മരിച്ചത്. വീടിന്റെ മുകൾ നിലയിലെ മുറിയിൽ ജനൽകമ്പിയിൽ കെട്ടിയ ഷാൾ കഴുത്തിൽ മുറുകി മരിച്ച നിലയിലാണ് അഭിലേഷിനെ കണ്ടെത്തിയത്.

കൈകൾ പിന്നിൽ മറ്റൊരു ഷാളിൽ ചുറ്റിക്കെട്ടിയ നിലയിലായിരുന്നു. വാതിൽ ഉള്ളിൽ നിന്നു പൂട്ടിയിരുന്നില്ല. സംഭവ സമയത്ത് അച്ഛൻ കൃഷിത്തോട്ടത്തിലും അമ്മ ബന്ധുവീട്ടിലുമായിരുന്നു. അമ്മയുടെ അച്ഛൻ സത്യദാസ് ചന്തയിൽ നിന്നു മടങ്ങിയെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.

വെള്ളറട പൊലീസും വിരലടയാള വിദഗ്ധരും പൊലീസ് നായയും എത്തി തെളിവുകൾ ശേഖരിച്ചു. മ‍ൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഇന്നു സംസ്കാരം നടത്തും. ദുരൂഹതയുള്ളതിനാൽ കൂടുതൽ അന്വേഷണം നടത്തും.

അഡീഷനൽ റൂറൽ എസ്പി ആർ.പ്രതാപൻനായർ, നെയ്യാറ്റിൻകര ഡിവൈഎസ്പി അമ്മിണിക്കുട്ടൻ, വെള്ളറട എസ്എച്ച്ഒ ബാബുക്കുട്ടൻ എന്നിവർ തെളിവെടുപ്പിനു നേതൃത്വം നൽകി. വാഴിച്ചൽ ഓക്സീലിയം ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു അഭിലേഷ് കുമാർ.