യുകെയിൽ വീട്ടിലെ വളര്‍ത്തുനായയുടെ കടിയേറ്റ് ഏഴ് മാസം പ്രായമുള്ള പെൺകുഞ്ഞിന് ദാരുണാന്ത്യം
കവന്‍ററി ∙ വളർത്തുനായയുടെ കടിയേറ്റ് ഏഴ് മാസം പ്രായമുള്ള എല്ലെ ഡോഹർട്ടി എന്ന പെൺകുട്ടിക്ക് ദാരുണാന്ത്യം. ബെല്‍ജിയന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട നായ എല്ലെയെ കവന്‍ററിയിലെ വീടിനുള്ളിൽ വെച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ എല്ലെക്ക് തലയ്ക്ക് ഗുരുതരമായ പരുക്കേറ്റു. സംഭവ ശേഷം ഷോണ്‍ക്ലിഫ് റോഡിലെ വീട്ടിൽ നിന്ന് നായയെ നീക്കം ചെയ്യുകയും അതേ ദിവസം തന്നെ കൊന്നുകളയുകയും ചെയ്തതായി വെസ്റ്റ് മിഡ്ലാന്‍ഡ്സ് പൊലീസ് വ്യക്തമാക്കി.
നായയുടെ ആക്രമണത്തിന് ശേഷം സംഭവസ്ഥലത്തെത്തിയ പാരാമെഡിക്കുകൾ എല്ലെയ്ക്ക് ചികിത്സ നൽകിയിരുന്നു. തുടർന്നാണ് കൂടുതൽ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പക്ഷേ എല്ലെയെ രക്ഷിക്കാൻ കഴിയാതെ പോയത് ഏറെ ദു:ഖകരമാണെന്നും സങ്കടകരമായ ഈ സമയത്ത് പൊലീസ് കുടുംബത്തോടൊപ്പമുണ്ടെന്നും വെസ്റ്റ് മിഡ്ലാൻഡ്സ് പൊലീസ് പറഞ്ഞു. എല്ലെയുടെ സംസ്കാരം പിന്നീട് നടത്തും.
