വെനസ്വേല – ഇക്വഡോർ മത്സരത്തിൽ നിന്ന് (Photo by Thearon W. Henderson / GETTY IMAGES NORTH AMERICA / Getty Images via AFP)
സാന്ത ക്ലാര∙ കോപ്പ അമേരിക്ക ഫുട്ബോളിൽ ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ ഇക്വഡോറിനെതിരെ വെനസ്വേലയ്ക്ക് വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വെനസ്വേല ഇക്വഡോറിനെ വീഴ്ത്തിയത്. ആദ്യ പകുതിയിൽ ഒരു ഗോളിനു മുന്നിലായിരുന്ന ഇക്വഡോറിനെ, രണ്ടാം പകുതിയിൽ 10 മിനിറ്റിനിടെ രണ്ടു ഗോൾ തിരിച്ചടിച്ചാണ് വെനസ്വേല വീഴ്ത്തിയത്.
വെനസ്വേലയ്ക്കായി രണ്ടാം പകുതിയിൽ പകരക്കാരായി ഇറങ്ങിയ ജോൻഡർ കാഡിസ് (64–ാം മിനിറ്റ്), എഡ്വാർഡ് ബെല്ലോ (74–ാം മിനിറ്റ്) എന്നിവർ ലക്ഷ്യം കണ്ടു. ജെറെമി സർമിയെന്റോയുടെ (40–ാം മിനിറ്റ്) വകയാണ് ഇക്വഡോറിന്റെ ഏക ഗോൾ. സൂപ്പർ താരം എന്നർ വലൻസിയ 22–ാം മിനിറ്റിൽ ചുവപ്പു കാർഡ് കണ്ട് പുറത്തുപോയതിനാൽ, മത്സരത്തിന്റെ ഏറിയ പങ്കും 10 പേരുമായാണ് ഇക്വഡോർ കളിച്ചത്.
