Photo | ANI

ആന്റിഗ്വ: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ റെക്കോഡ് നേട്ടം കൈവരിച്ച് ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലി. ഐ.സി.സി. ലോകകപ്പുകളില്‍ 3000 റണ്‍സ് നേടുന്ന ആദ്യതാരമാവാന്‍ കോലിക്ക് കഴിഞ്ഞു. ഏകദിന, ടി20 ലോകകപ്പുകളിലാണ് ഈ നേട്ടം. ബംഗ്ലാദേശിനെതിരേ 28 പന്തുകളില്‍നിന്ന് 37 റണ്‍സ് നേടിയതോടെ പുതിയ റെക്കോഡ് പിറക്കുകയായിരുന്നു.

69 ലോകകപ്പ് മത്സരങ്ങളില്‍ 67 ഇന്നിങ്‌സുകളില്‍നിന്നായി 3002 റണ്‍സാണ് കോലിയുടെ സമ്പാദ്യം. ടി20 ലോകകപ്പുകളില്‍ 32 മത്സരങ്ങളില്‍നിന്ന് 1207 റണ്‍സ് നേടി. ഇതും കോലിയുടെ പേരിലുള്ള, മറ്റാരും കൈവരിച്ചിട്ടില്ലാത്ത റെക്കോഡാണ്. 129.78 സ്‌ട്രൈക്ക് റേറ്റ്. ഇതില്‍ 14 അര്‍ധ സെഞ്ചുറികള്‍ ഉള്‍പ്പെടുന്നു. പുറത്താവാതെ നേടിയ 89 റണ്‍സാണ് ടോപ് സ്‌കോര്‍. 2014, 16 വര്‍ഷങ്ങളിലെ ടി20 ലോകകപ്പില്‍ ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2014-ല്‍ ആറ് മത്സരങ്ങളില്‍നിന്ന് 319 റണ്‍സാണ് നേടിയത്.

ഏകദിന ലോകകപ്പുകളില്‍ 37 മത്സരങ്ങളില്‍നിന്നായി 1795 റണ്‍സാണ് നേടിയത്. ഏകദിന ലോകകപ്പുകളിലെ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന റണ്‍സ് സ്‌കോറര്‍. അഞ്ച് സെഞ്ചുറികളും 12 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെട്ടതാണ് ലോകകപ്പ് പ്രകടനം. 117 റണ്‍സാണ് ടോപ് സ്‌കോര്‍. ഇന്ത്യയില്‍ നടന്ന കഴിഞ്ഞ ലോകകപ്പാണ് കോലിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം. ടൂര്‍ണമെന്റിലെ താരമായ കോലി 11 മത്സരങ്ങളില്‍നിന്നായി 765 റണ്‍സാണ് നേടിയത്. മൂന്ന് സെഞ്ചുറികളും ആറ് അര്‍ധ സെഞ്ചുറികളും ചേര്‍ന്നതാണിത്.