Photo: AFP

ആന്റിഗ്വ: കുല്‍ദീപ് യാദവും ജസ്പ്രീത് ബുംറയും തിളങ്ങിയ ടി20 ലോകകപ്പ് സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ സെമിക്കരികെ. 50 റണ്‍സിന്റെ ആധികാരിക ജയമായിരുന്നു ഇന്ത്യയുടേത്. ജയത്തോടെ സൂപ്പര്‍ എട്ട് ഗ്രൂപ്പ് ഒന്നില്‍ നാലു പോയന്റോടെ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കയറി. തിങ്കളാഴ്ച ഓസ്‌ട്രേലിയക്കെതിരേയാണ് ഇന്ത്യയുടെ സൂപ്പര്‍ എട്ടിലെ അവസാന മത്സരം.

197 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മികച്ച തുടക്കത്തിനു ശേഷമായിരുന്നു ബംഗ്ലാദേശിന്റെ തകര്‍ച്ച. രണ്ടാം തോല്‍വിയോടെ ബംഗ്ലാദേശ് സെമി കാണാതെ പുറത്തായി. നാല് ഓവറില്‍ വെറും 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവും നാല് ഓവറില്‍ വെറും 13 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത ബുംറയും ചേര്‍ന്നാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. അര്‍ഷ്ദീപ് രണ്ടു വിക്കറ്റ് വീഴ്ത്തി.

10 പന്തില്‍ നിന്ന് 13 റണ്‍സെടുത്ത ലിട്ടണ്‍ ദാസിനെയാണ് ബംഗ്ലാദേശിന് ആദ്യം നഷ്ടമായത്. പിന്നാലെ റണ്ണെടുക്കാന്‍ ബുദ്ധിമുട്ടിയ തന്‍സിദ് ഹസനെ കുല്‍ദീപ് പുറത്താക്കി. 31 പന്തില്‍ നിന്ന് നാല് ബൗണ്ടറിയടക്കം 29 റണ്‍സായിരുന്നു ഹസന്റെ സമ്പാദ്യം. പിന്നാലെ തൗഹിദ് ഹൃദോയിയും (4) കുല്‍ദീപിനു മുന്നില്‍ വീണു. 11 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസനെയും മടക്കി കുല്‍ദീപ് ബംഗ്ലാദേശിനെ പ്രതിരോധത്തിലാക്കി.

10 പന്തില്‍ നിന്ന് 13 റണ്‍സെടുത്ത ലിട്ടണ്‍ ദാസിനെയാണ് ബംഗ്ലാദേശിന് ആദ്യം നഷ്ടമായത്. പിന്നാലെ റണ്ണെടുക്കാന്‍ ബുദ്ധിമുട്ടിയ തന്‍സിദ് ഹസനെ കുല്‍ദീപ് പുറത്താക്കി. 31 പന്തില്‍ നിന്ന് നാല് ബൗണ്ടറിയടക്കം 29 റണ്‍സായിരുന്നു ഹസന്റെ സമ്പാദ്യം. പിന്നാലെ തൗഹിദ് ഹൃദോയിയും (4) കുല്‍ദീപിനു മുന്നില്‍ വീണു. 11 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസനെയും മടക്കി കുല്‍ദീപ് ബംഗ്ലാദേശിനെ പ്രതിരോധത്തിലാത്തി.

എന്നാല്‍ ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയുടെ പ്രകടനം പ്രതീക്ഷ നല്‍കിയെങ്കിലും 16-ാം ഓവറില്‍ ബുംറ ആ ഇന്നിങ്‌സിന് അവസാനം കുറിച്ചു. 32 പന്തില്‍ നിന്ന് മൂന്നു സിക്‌സും ഒരു ഫോറുമടക്കം 40 റണ്‍സെടുത്ത ഷാന്റോയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 10 പന്തില്‍ 24 റണ്‍സെടുത്ത റിഷാദ് ഹുസൈന്റെ പോരാട്ടം തോല്‍വിഭാരം കുറയ്ക്കാന്‍ മാത്രമേ ഉപകരിച്ചുള്ളൂ.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 196 റണ്‍സെടുത്തത്. ഹാര്‍ദിക് പാണ്ഡ്യയുടെ അര്‍ധ സെഞ്ചുറിയും വിരാട് കോലി, ഋഷഭ് പന്ത്, ശിവം ദുബെ, ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരുടെ ഇന്നിങ്സുകളുമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 27 പന്തില്‍ നിന്ന് മൂന്ന് സിക്സും നാല് ഫോറുമടക്കം 50 റണ്‍സോടെ പുറത്താകാതെ നിന്ന ഹാര്‍ദിക്കാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

രോഹിത്തും കോലിയും ചേര്‍ന്ന ഓപ്പണിങ് സഖ്യം ടീമിന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. 22 പന്തില്‍ 39 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഓപ്പണിങ് സഖ്യം പിരിഞ്ഞത്. 11 പന്തില്‍ നിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം 23 റണ്‍സെടുത്ത രോഹിത്, ഷാക്കിബ് അല്‍ ഹസന്റെ പന്തില്‍ സിക്‌സിനുള്ള ശ്രമത്തിനിടെ പുറത്താകുകയായിരുന്നു.

ഫോമിലേക്കെത്തിയെന്ന് തോന്നിച്ച കോലിക്കും ഷോട്ട് സെലക്ഷനിലാണ് പിഴച്ചത്. 28 പന്തില്‍ നിന്ന് മൂന്ന് സിക്സും ഒരു ഫോറുമടക്കം 37 റണ്‍സെടുത്ത കോലി തന്‍സിം ഹസന്റെ പന്തില്‍ വമ്പനടിക്കുള്ള ശ്രമത്തിനിടെയാണ് പുറത്തായത്. വന്നപാടേ സിക്സറടിച്ച് തുടങ്ങിയ സൂര്യകുമാര്‍ യാദവും (6) അതേ ഓവറില്‍ തന്‍സിമിന് വിക്കറ്റ് സമ്മാനിച്ചു.

പിന്നാലെയെത്തിയ ശിവം ദുബെയെ ഒരറ്റത്ത് കാഴ്ചക്കാരനാക്കി ഋഷഭ് പന്ത് അടിച്ചുതകര്‍ത്തു. 24 പന്തില്‍ നിന്ന് രണ്ട് സിക്സും നാല് ഫോറുമടക്കം 36 റണ്‍സെടുത്ത പന്ത്, റിഷാദ് ഹുസൈന്റെ പന്തില്‍ റിവേഴ്സ് സ്വീപ്പിനിടെ പുറത്താകുകയായിരുന്നു.

എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ദുബെ – ഹാര്‍ദിക് പാണ്ഡ്യ സഖ്യം 53 റണ്‍സ് ചേര്‍ത്തതോടെ ഇന്ത്യ ട്രാക്കിലായി. തുടക്കത്തില്‍ പതറിയ ശേഷം വമ്പനടികള്‍ക്ക് മുതിര്‍ന്ന ദുബെ 24 പന്തില്‍ നിന്ന് മൂന്ന് സിക്സടക്കം 34 റണ്‍സെടുത്ത് 18-ാം ഓവറില്‍ മടങ്ങി. തുടര്‍ന്നായിരുന്നു അവസാന ഓവറുകളിലെ മികച്ച ബാറ്റിങ്ങിലൂടെ ഹാര്‍ദിക് ഇന്ത്യന്‍ സ്‌കോര്‍ 196-ല്‍ എത്തിച്ചത്.

നേരത്തേ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആന്റിഗ്വയിലെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്സ് സ്റ്റേഡിയത്തിലാണ് മത്സരം. സൂപ്പര്‍ എട്ടിലെ ആദ്യമത്സരത്തില്‍ അഫ്ഗാനിസ്താനെ പരാജയപ്പെടുത്തിയ ഇന്ത്യ, രണ്ടാം മത്സരവും ജയിച്ച് സെമി സാധ്യത സജീവമാക്കാനാണ് ശ്രമിക്കുക. അതേസമയം കഴിഞ്ഞ മത്സരത്തില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ട ബംഗ്ലാദേശിന് ഇന്ന് ജയം അനിവാര്യമായിരുന്നു.