‘പുഷ്പക്’ മൂന്നാം ലാൻഡിങ് പരീക്ഷണം | Photo: PTI
ബെംഗളൂരൂ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പുനരുപയോഗം സാധ്യമായ ബഹിരാകാശ വിക്ഷേപണ വാഹനമായ പുഷ്പകിന്റെ മൂന്നാം ലാൻഡിങ് പരീക്ഷണവും വിജയം. പുഷ്പക് റീയൂസബിൾ ലോഞ്ച് വെഹിക്കിൾ (ആർഎൽവി) എൽ.ഇ.എക്സ്. പരീക്ഷണം കർണാടകയിലെ ചിത്രദുർഗയിലുള്ള എയ്‌റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിലാണ് പൂർത്തിയാക്കിയത്. ശക്തമായ കാറ്റുള്ള വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലായിരുന്നു പരീക്ഷണം.
യുഎസിന്റെ സ്‌പേസ് ഷട്ടിലിന് സമാനമായ എന്നാൽ ഒരു എസ് യു വിയുടെ അത്രയും വലിപ്പമുള്ള റീ യൂസബിൾ ലോഞ്ച് വെഹിക്കിളാണ് ഐഎസ്ആർഓ വികസിപ്പിച്ച ‘പുഷ്പക്’. ഇതിന്റെ ആദ്യ ഘട്ട പരീക്ഷണം കഴിഞ്ഞ വർഷവും രണ്ടാം ഘട്ട പരീക്ഷണം മാർച്ചിലും പൂർത്തികരിച്ചിരുന്നു.
മൂന്നാം ഘട്ട പരീക്ഷണത്തിൽ ‘പുഷ്പക്’ നെ വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്ററിൽ 4.5 കിലോമീറ്റർ ഉയരത്തിൽ എത്തിക്കുകയും വേർപെടുത്തുകയും ചെയ്തു. തുടർന്ന് പുഷ്പക് സ്വയം നിയന്ത്രണം ഏറ്റെടുക്കുകയും റൺവേ സെൻട്രൽ ലൈനിൽ തിരശ്ചീനമായി ലാൻഡ് ചെയ്യുകയും ചെയ്തു.
റീയൂസബിൾ ലോഞ്ച് വെഹിക്കിൾ സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ഐഎസ്ആർഒയുടെ ശ്രമങ്ങളുടെ വലിയ മുന്നേറ്റമാണിത്. ബഹിരാകാശത്തു പോയി മടങ്ങിയെത്തുന്ന വെഹിക്കിൾ (ഓർബിറ്റൽ റീ എൻട്രി വെഹിക്കിൾ – ഒആർവി) പരീക്ഷണത്തിന് വഴിതുറക്കുന്നതുകൂടിയാണ് ഈ വിജയം.
ജെ മുത്തുപാണ്ഡ്യൻ മിഷൻ ഡയറക്ടറും ബി കാർത്തിക് വെഹിക്കിൾ ഡയറക്ടറുമായിട്ടുള്ള സംഘത്തെ ഐഎസ്ആർഓ മേധാവി എസ്. സോമനാഥ്, വിഎസ്എസ്‌സി ഡയറക്ടർ ഡോ. എസ് ഉണ്ണികൃഷ്ണൻ നായർ തുടങ്ങിവർ അഭിനന്ദിച്ചു.
