സൂരജ് രേവണ്ണ– Photo – x.com/iSurajRevanna
ബെംഗളൂരു∙ ജനതാദൾ സെക്കുലർ നേതാവ് സൂരജ് രേവണ്ണയെ പൊലീസ് അറസ്റ്റു ചെയ്തു. 27കാരനായ പാർട്ടി പ്രവർത്തകനെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. നിരവധി സ്ത്രീകളെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ജനതാദൾ സെക്കുലർ നേതാവും ഹാസൻ മുൻ എംപിയുമായ പ്രജ്വൽ രേവണ്ണയുടെ സഹോദരനാണ്. എന്നാൽ യുവാവിന്റെ ആരോപണം സൂരജ് നിഷേധിച്ചു. വ്യാജ പരാതിയാണെന്നും, 5 കോടി കൊടുക്കാത്തതിനാലാണ് യുവാവ് പരാതി നൽകിയതെന്നും സൂരജ് പറഞ്ഞു.
നേരത്തെ, സൂരജ് രേവണ്ണയുടെ സുഹൃത്ത് ശിവകുമാർ യുവാവിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ജെഡിഎസ് പ്രവർത്തകന്‍ തന്നെ സമീപിച്ചെന്നും 5 കോടിരൂപ കൊടുത്തില്ലെങ്കിൽ ലൈംഗിക പീഡന പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതി. യുവാവ് ജോലിക്കായി തന്നെ സമീപിച്ചിരുന്നതായി ശിവകുമാർ പറഞ്ഞു. സൂരജിന്റെ നമ്പർ താൻ നൽകി. പിന്നീട് യുവാവ് ഭീഷണിയുമായി രംഗത്തുകയായിരുന്നെന്നും ശിവകുമാർ പൊലീസിനു നൽകിയ പരാതിയിൽ പറഞ്ഞു.
ജൂൺ 16ന് ഹാസൻ ജില്ലയിലെ ഗന്നിക്കടയിലുള്ള ഫാം ഹൗസിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് സൂരജിനെതിരായ പരാതിയിൽ പറയുന്നത്. സംഭവം പുറത്തറിയാതിരിക്കാൻ രേവണ്ണയുടെ ആളുകൾ തനിക്ക് പണവും ജോലിയും വാഗ്ദാനം ചെയ്തതായും പരാതിക്കാരൻ ആരോപിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പുകാലത്ത് പ്രജ്വൽ രേവണ്ണയുടെ ലൈംഗിക പീഡന വിഡിയോ ക്ലിപ്പുകൾ ചോർന്നതിനു പിന്നാലെയുള്ള കേസുകളിൽ അന്വേഷണം നടക്കുന്നതിനിടെയാണ്, മൂത്ത സഹോദരൻ സൂരജിനെതിരെയും പരാതി ഉയർന്നത്.
