കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കുന്നു (പിടിഐ ചിത്രം)
ചെന്നൈ∙ കള്ളക്കുറിച്ചിയിലെ വിഷമദ്യ ദുരന്തത്തിൽ മരണം 57 ആയി ഉയർന്നു. സേലത്തും കള്ളകുറിച്ചിയിലും ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന 2 പേർ കൂടി ഇന്ന് രാവിലെ മരിച്ചതോടെയാണ് മരണ സംഖ്യ ഉയർന്നത്. വിഷമദ്യ ദുരന്തത്തിന് കാരണമായത് പഴകിയ മെഥനോളാണെന്ന റിപ്പോർട്ട് പുറത്തുവന്നു. വ്യവസായ ആവശ്യത്തിനുപയോഗിക്കുന്ന പഴകിയ മെഥനോൾ ആന്ധ്രയിൽ നിന്നും മദ്യവാറ്റു സംഘം എത്തിക്കുകയായിരുന്നു എന്നാണ് നിഗമനം.
വ്യാജമദ്യം വാറ്റിയിരുന്ന വെള്ളിമലയിലെ അനധികൃത കേന്ദ്രത്തിൽ നിന്ന് മുൻപ് പൊലീസ് റെയ്ഡ് നടത്തി മദ്യനിർമാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ പിടികൂടിയിരുന്നു. ഇതോടെ വ്യാജവാറ്റ് നിലച്ചു. തുടർന്നാണ് വ്യവസായ ആവശ്യത്തിന് ഉപയോഗിക്കുന്ന പഴകിയ മെഥനോൾ ആന്ധ്രയിൽനിന്ന് വാറ്റ് സംഘം കള്ളക്കുറിച്ചിയിൽ എത്തിച്ചത്. മനുഷ്യ ശരീരത്തിന് ഹാനികരമായ രാസവസ്തുവാണ് മെഥനോൾ എന്ന മീതൈൽ ആൽക്കഹോൾ.
