വൈറൽ വീഡിയോയിൽ നിന്നുള്ള ദൃശ്യം | Photo: Screen Grab / X (twitter) @Bashido

ഷിക്കാഗോ: പാചകത്തിനപ്പുറം ഫ്രൈയിങ് പാന്‍ ആയുധമായും ഉപയോഗിക്കാമെന്ന് നമുക്ക് കാണിച്ചുതന്നത് പബ്ജി എന്ന മൊബൈല്‍ ഗെയിമാണ്. എന്നാല്‍ ഇപ്പോഴിതാ, റിയല്‍ ലൈഫിലും ഫ്രൈയിങ് പാനിനെ ആയുധമാക്കിയിരിക്കുകയാണ് ഒരാള്‍.

യു.എസ്സിലെ ഷിക്കാഗോയിലാണ് സംഭവം. ജൂണ്‍ 20-ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന ജെയ്‌സണ് വീട്ടില്‍ ആരോ അതിക്രമിച്ചുകയറിയതായി സുരക്ഷാ സംവിധാനത്തില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചു. അപ്പോഴേക്ക് വീടിന് തൊട്ടടുത്തെത്തിയിരുന്ന ജെയ്‌സണ്‍ ഉടന്‍ വീട്ടിലേക്ക് കുതിച്ചു.

‘വീട്ടിലേക്ക് ഓടിക്കയറിയ ഞാന്‍ ആദ്യം തിരഞ്ഞത് എന്തെങ്കിലും ആയുധം അവിടെയുണ്ടോ എന്നാണ്. അപ്പോഴാണ് ഫ്രൈയിങ് പാന്‍ അവിടെ കിടക്കുന്നത് കണ്ടത്. ഞാന്‍ മറ്റൊന്നും ആലോചിക്കാതെ അത് കയ്യിലെടുത്തു. അതേസമയം വീട്ടില്‍ കയറിയ കള്ളന്‍ മുകളിലെ നിലയില്‍ നിന്ന് താഴോട്ട് ഇറങ്ങിവന്നു.’ -ജെയ്‌സണ്‍ വില്യംസ് പറഞ്ഞു.

പിന്നെ നടന്നതൊക്കെ കണ്ണടച്ചുതുറക്കുന്ന വേഗത്തിലായിരുന്നു. ഫ്രൈയിങ് പാന്‍ എന്ന തന്റെ ‘ആയുധം’ ഉപയോഗിച്ച് ജെയ്‌സണ്‍ കള്ളനെ വീടിന് പുറത്തേക്ക് ഓടിച്ചു. വീടിന് പുറത്തെത്തിയിട്ടും അദ്ദേഹം കള്ളനെ വിടാതെ പിന്നാലെ ഓടി. അപ്പോഴേക്ക് വിവരം ലഭിച്ച ഷിക്കാഗോ പോലീസ് സ്ഥലത്തേക്ക് പാഞ്ഞെത്തുകയും തെരുവില്‍ വെച്ച് കള്ളനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.