രഘു

വര്‍ക്കല: ലൈഫ് ഗാര്‍ഡിന്റെ നിര്‍ദേശം അവഗണിച്ച് കടലില്‍ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശിയായ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു. മധുര ബൈപ്പാസ് റോഡ് ദുരൈസ്വാമി നഗര്‍ ഭഗവതി സ്ട്രീറ്റില്‍ രവിചന്ദ്രന്റെ മകന്‍ രഘു( 23) ആണ് മരിച്ചത്. വര്‍ക്കല തിരുവമ്പാടി ബീച്ചിന് സമീപം ശനിയാഴ്ച രാവിലെ 11.30-ഓടെയായിരുന്നു അപകടം.

ഏഴ് പുരുഷന്മാരും അഞ്ച് സ്ത്രീകളും അടങ്ങുന്ന സംഘമാണ് തിരുവമ്പാടി തീരത്തെത്തിയത്. ലൈഫ് ഗാര്‍ഡ് നല്‍കിയ മുന്നറിയിപ്പ് കൂട്ടാക്കാതെ ഇവര്‍ തിരുവമ്പാടിക്കും ഓടയത്തിനും മധ്യേയുള്ള ഭാഗത്ത് കടലില്‍ ഇറങ്ങുകയായിരുന്നു.

ഇവരോട് കരയിലേക്ക് കയറാന്‍ ലൈഫ് ഗാര്‍ഡ് തുടര്‍ച്ചയായി ആവശ്യപ്പെട്ടപ്പോള്‍ സംഘത്തിലെ മറ്റുള്ളവര്‍ കരയ്ക്ക് കയറി. ദേഹത്തെ മണല്‍ കഴുകിക്കളയാനായി രഘു വീണ്ടും കടലില്‍ ഇറങ്ങിയപ്പോള്‍ ശക്തമായ തിരയില്‍ പെടുകയായിരുന്നു. തിരമാലകള്‍ രഘുവിനെ തീരത്തെ പാറക്കല്ലുകളിലേക്ക് അടിച്ചുകയറ്റി. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ ലൈഫ് ഗാര്‍ഡ് സന്തോഷാണ് രഘുവിനെ കരയ്ക്കെത്തിച്ചത്. വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രക്ഷിക്കാന്‍ ശ്രമിച്ച സന്തോഷിനും പരിക്കേറ്റു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സി.എ. ഓണ്‍ലൈന്‍ വിദ്യാര്‍ഥിയായിരുന്നു രഘു.