വെസ്റ്റീൻഡീസും യു.എസ്.എ യും തമ്മിലുള്ള മത്സരത്തിൽ നിന്ന്, Photo: AFP

ബാര്‍ബഡോസ്: യു.എസ്.എ യ്‌ക്കെതിരേ തകര്‍പ്പന്‍ വിജയവുമായി ടി20 ലോകകപ്പില്‍ സെമി സാധ്യതകള്‍ സജീവമാക്കി വെസ്റ്റിന്‍ഡീസ്. യു.എസ്.എ യെ ഒമ്പത് വിക്കറ്റിനാണ് വിന്‍ഡീസ് തകര്‍ത്തത്. 128-റണ്‍സിന് യു.എസ്.എ യെ എറിഞ്ഞിട്ട റൊവ്മാന്‍ പവലും സംഘവും 55-പന്തുകള്‍ ബാക്കി നില്‍ക്കേ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. അര്‍ധസെഞ്ചുറിയ പ്രകടനവുമായി തിളങ്ങിയ ഷായ് ഹോപ്പാണ് വിന്‍ഡീസിന് അനായാസ ജയം സമ്മാനിച്ചത്. ഒരു ജയവും തോല്‍വിയുമടക്കം രണ്ട് പോയന്റോടെ ഗ്രൂപ്പ് 2-ലെ പട്ടികയില്‍ വിന്‍ഡീസ് രണ്ടാമതെത്തി. നാല് പോയന്റോടെ ദക്ഷിണാഫ്രിക്കയാണ് ഒന്നാമത്.

യു.എസ്.എ ഉയര്‍ത്തിയ 129-റണ്‍സ് വിജയലക്ഷ്യത്തിലേക്ക് തുടക്കത്തില്‍ ശ്രദ്ധയോടെയാണ് വിന്‍ഡീസ് ബാറ്റേന്തിയത്. എന്നാല്‍ പിന്നീട് കളി മാറ്റി. ഓപ്പണര്‍മാരായ ഷായ് ഹോപ്പും ജോണ്‍സണ്‍ ചാള്‍സും ആക്രമണശൈലിയിലേക്ക് തിരിഞ്ഞതോടെ യു.എസ്.എ പ്രതിരോധത്തിലായി. ആദ്യ മൂന്നോവറില്‍ 23-റണ്‍സായിരുന്നു വിന്‍ഡീസ് സ്‌കോര്‍. എന്നാല്‍ പവര്‍പ്ലേയിലെ ബാക്കി മൂന്ന് ഓവറുകളില്‍ 35-റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. ആറോവറില്‍ ടീം 58-ലെത്തി.

ഷായ് ഹോപ്പായിരുന്നു കൂടുതല്‍ അപകടകാരി. ഏഴാം ഓവറില്‍ ഹോപ് അമ്പത് തികച്ചു. 26-പന്തില്‍ നിന്നാണ് താരത്തിന്റെ അര്‍ധസെഞ്ചുറി. നാല് വീതം സിക്‌സും ഫോറുമുള്‍പ്പെടെയാണ് ഹോപ് അമ്പതിലേക്കെത്തിയത്. അതിനിടെ വിന്‍ഡീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. ചാള്‍സിനെ ഹര്‍മീറ്റ് സിങ് മടക്കി. 14-പന്തില്‍ നിന്ന് 15-റണ്‍സാണ് താരമെടുത്തത്. പിന്നാലെ ഇറങ്ങിയ നിക്കോളാസ് പുരാനെ ഒരുവശത്ത് നിര്‍ത്തി ഹോപ് അടിച്ചുതകര്‍ക്കുന്നതാണ് പിന്നീട് ബാര്‍ബഡോസില്‍ കണ്ടത്. പുരാനും വൈകാതെ തകര്‍ത്തുകളിച്ചതോടെ അനായാസം ലക്ഷ്യത്തിലേക്ക് നീങ്ങി. 10-ാം ഓവറില്‍ ടീം സ്‌കോര്‍ നൂറു കടന്നു. 10.5 ഓവറില്‍ വിജയലക്ഷ്യവും. 39-പന്തില്‍ നിന്ന് നാല് ഫോറുകളുടേയും എട്ട് സിക്‌സറുകളുടേയും അകമ്പടിയോടെ ഹോപ് 82-റണ്‍സെടുത്തു. 12-പന്തില്‍ നിന്ന് 27-റണ്‍സെടുത്ത പുരാനും പുറത്താവാതെ നിന്നു.

നേരത്തേ യു.എസ്.എ 128-റണ്‍സിന് ഓള്‍ഔട്ടായിരുന്നു. 29-റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ആന്‍ഡ്രീസ് ഗൗസാണ് ടീമിന്റെ ടോപ് സ്‌കോറര്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ യു.എസ്.എ യ്ക്ക് രണ്ടാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. സ്റ്റീവന്‍ ടെയ്‌ലറെ (2) റസ്സല്‍ പുറത്താക്കി. എന്നാൽ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ആന്‍ഡ്രീസ് ഗൗസ്-നിതീഷ് കുമാര്‍ സഖ്യം യു.എസ്.എയെ ഭേദപ്പെട്ട നിലയിലെത്തിച്ചു. ഇരുവരും ചേര്‍ന്ന് ടീമിനെ 50-കടത്തി. പിന്നാലെ ഇരുവരും കൂടാരം കയറിയതോടെ യു.എസ്.എയ്ക്ക് തിരിച്ചടിയേറ്റു. 19-പന്തില്‍ നിന്ന് 20-റണ്‍സെടുത്താണ് നിതീഷ് മടങ്ങിയത്. 16-പന്തില്‍ നിന്ന് 29-റണ്‍സെടുത്ത ഗൗസിനെ അല്‍സാരി ജോസഫ് മടക്കി.

പിന്നീട് വന്നവര്‍ക്കാര്‍ക്കും മികച്ച ഇന്നിങ്‌സ് കെട്ടിപ്പടുക്കാനായില്ല. നായകന്‍ ആരോണ്‍ ജോണ്‍സും(11) കോറി ആന്‍ഡേഴ്‌സണും(7) നിരാശപ്പെടുത്തി. മിിലിന്ദ് കുമാര്‍(19) വാന്‍ ഷാക്വിക് (18) എന്നിവരാണ് അല്‍പ്പമെങ്കിലും സംഭാവന നല്‍കിയത്. 6-പന്തില്‍ നിന്ന് 14-റണ്‍സെടുത്ത അലി ഖാനും സ്‌കോറുയര്‍ത്തി. ഹര്‍മീറ്റ് സിങ്(0), നൊസ്തുഷ് കെന്‍ജിഗെ (1), നേത്രവാള്‍ക്കര്‍(0) എന്നിവരും മടങ്ങിയതോടെ യു.എസ്.എ 128-റണ്‍സിന് പുറത്തായി.

വിന്‍ഡീസിനായി റസലും റോസ്റ്റണ്‍ ചേസും മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അല്‍സാരി ജോസഫ് രണ്ട് വിക്കറ്റുമെടുത്തു.