Representational Image | Photo: Canva

അന്യസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ചെയ്ത സ്വകാര്യ ബസുകള്‍ യാത്രക്കാരുമായി തമിഴ്നാട്ടിലൂടെ ഓടുന്നതിനെതിരേ തമിഴ്‌നാട് മോട്ടോര്‍വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കി. കോയമ്പത്തൂര്‍, നാഗര്‍കോവില്‍ എന്നിവിടങ്ങളില്‍ ബുധനാഴ്ച നടന്ന പരിശോധനയില്‍ ഏഴു ബസുകള്‍ പിടികൂടിയിരുന്നു. ബുധനാഴ്ച രാത്രി ബെംഗളൂരുവിലേക്കു പോയ തമിഴ്‌നാട് ബസുകള്‍ നാഗര്‍കോവില്‍ വടശ്ശേരി ബസ്സ്റ്റാന്‍ഡില്‍ തമിഴ്‌നാട് മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ തടഞ്ഞിരുന്നു.

ബെംഗളൂരുവിലേക്കു പോയ യാത്രക്കാര്‍ ഇതോടെ പെരുവഴിയിലായി. തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട്, മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ കൂടുതല്‍ സംഘത്തെ വ്യാഴാഴ്ച പരിശോധനയ്ക്കു നിയോഗിച്ചു. തമിഴ്‌നാട് രജിസ്‌ട്രേഷനില്ലാത്ത ബസുകള്‍ യാത്രക്കാരെ കയറ്റി തമിഴ്‌നാട്ടിലൂടെ ഓടരുതെന്ന മുന്നറിയിപ്പ് അധികൃതര്‍ ആവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ 13-നാണ് മറ്റു സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ചെയ്ത ബസുകള്‍ സംസ്ഥാനത്ത് ഓടുന്നതില്‍ സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്.

എന്നാല്‍, വിനോദസഞ്ചാരം, വിവാഹം, കുടുംബയാത്ര എന്നിവയ്ക്ക് യാത്രക്കാരുടെ വിവരം സൂക്ഷിച്ച് സര്‍വീസ് നടത്താം. പൊതുഗതാഗതത്തിനു സമാനമായി ഒരിടത്തുനിന്ന് ആളെ കയറ്റി മറ്റൊരിടത്ത് ഇറക്കുന്നതാണ് ഉത്തരവിലൂടെ തടഞ്ഞത്. നിരവധി ബസുകളുള്ള തമിഴ്നാട് എക്‌സ്പ്രസ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന് ഇതു നഷ്ടം വരുത്തുന്നുവെന്നാണ് നിഗമനം. സംസ്ഥാനത്തിനു ലഭിക്കേണ്ട വാഹനനികുതി മറ്റു സംസ്ഥാനങ്ങള്‍ക്കു പോകുന്നതും തീരുമാനത്തിനു കാരണമാണ്.

ബസ് ഓപ്പറേറ്റര്‍മാരുടെ ആവശ്യപ്രകാരം 18 വരെ നിയമം നടപ്പാക്കാന്‍ സമയപരിധി നല്‍കിയിരുന്നു. ഇതുസംബന്ധിച്ച ഉത്തരവ് ട്രാന്‍സ്പോര്‍ട്ട് വകുപ്പ് ബസ് ഉടമകളെ ആവര്‍ത്തിച്ച് അറിയിച്ചിരുന്നു. തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ദീര്‍ഘദൂര സര്‍വീസുകളാണ് ഇനി ചെന്നൈ, ബെംഗളൂരു, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് ആശ്രയം. കേരളത്തില്‍നിന്ന് സ്വകാര്യ ബസുകളില്‍ യാത്രചെയ്യുന്ന വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ക്ക് തമിഴ്നാടിന്റെ നടപടി തിരിച്ചടിയാകും.

ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റിന്റെ മറവില്‍ വിവിധ സ്ഥലങ്ങളില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റി സര്‍വീസ് നടത്തുന്ന അന്യസംസ്ഥാനബസുകള്‍ക്ക് കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. കേരളത്തില്‍നിന്നുള്ളവ അടക്കം 545 ബസുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. സ്റ്റേജ് കാര്യേജിനുള്ള പെര്‍മിറ്റ് എടുക്കാത്തതിനാല്‍ സര്‍ക്കാരിന് വന്‍തുക നികുതിനഷ്ടമുണ്ടാകുന്നുവെന്ന് കണ്ടെത്തിയതോടെയാണ് നടപടി. ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് നേടിയത് ശേഷം സംസ്ഥാനത്ത് സ്റ്റേജ് കാര്യേജുകളായി സര്‍വീസ് നടത്തുന്നതു തടയാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

650 ബസുകള്‍ ഇത്തരത്തില്‍ സര്‍വീസ് നടത്തുന്നതായി കണ്ടെത്തി. തുടര്‍ന്ന് ഇവര്‍ക്ക് പെര്‍മിറ്റ് നേടാന്‍ സമയം അനുവദിക്കുകയായിരുന്നു. സമയപരിധി അവസാനിച്ചപ്പോള്‍ 105 ബസുകള്‍ മാത്രമാണ് പെര്‍മിറ്റ് നേടിയത്. ഇതോടെ ബാക്കിയുള്ള 545 ബസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയായിരുന്നു. വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റിന്റെ മറവില്‍ സംസ്ഥാനത്ത് സ്റ്റേജ് ക്യാരേജായി സര്‍വീസ്‌നടത്തുന്ന അന്യസംസ്ഥാന ബസുകള്‍ക്കെതിരേ നടപടിയാരംഭിച്ചു. ഇത്തരത്തില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ പിടിച്ചെടുക്കാനാണ് തീരുമാനം. ഇതിനായി ട്രാന്‍സ്പോര്‍ട്ട് അധികൃതരുടെ നേതൃത്വത്തില്‍ പരിശോധനകള്‍ തുടങ്ങി.

അന്യസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ചെയ്തിട്ടുള്ള 800-ഓളം ബസുകള്‍ സംസ്ഥാനത്ത് പ്രത്യേകം പെര്‍മിറ്റെടുക്കാതെ ടൂറിസ്റ്റ് പെര്‍മിറ്റുമായി സര്‍വീസ്‌നടത്തുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് സര്‍ക്കാരിന് പ്രതിവര്‍ഷം 32 കോടിയോളം രൂപയുടെ നികുതി നഷ്ടമുണ്ടാക്കുന്നുവെന്നും കണ്ടെത്തി. തുടര്‍ന്നാണ് സംസ്ഥാനത്ത് പ്രത്യേകം രജിസ്റ്റര്‍ചെയ്യാന്‍ നിര്‍ദേശിച്ചത്. ഇതിനുള്ള സമയപരിധി ബുധനാഴ്ച അവസാനിച്ചതോടെയാണ് പരിശോധനകള്‍ തുടങ്ങിയത്.