പെറുവും ചിലിയും തമ്മിലുള്ള മത്സരത്തിൽ നിന്ന്, Photo:Getty Images via AFP
ടെക്‌സാസ്: കോപ്പ അമേരിക്കയില്‍ സമനിലക്കളി. ഗ്രൂപ്പ് എ യിലെ ചിലിയും പെറുവും തമ്മിലുള്ള മത്സരമാണ് ഗോള്‍രഹിത സമനിലയില്‍ കലാശിച്ചത്. മൈതാനത്ത് മുന്‍ ചാമ്പ്യന്‍മാരായ രണ്ടുടീമുകള്‍ക്കും കാര്യമായ മുന്നേറ്റം കാഴ്ചവെക്കാനായില്ല. സമനിലയായതോടെ ഓരോ പോയന്റ് വീതം നേടിക്കൊണ്ട് ടീമുകള്‍ മടങ്ങി.
മത്സരത്തില്‍ കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇരുടീമുകള്‍ക്കുമായില്ല. എഡ്വാര്‍ഡോ വര്‍ഗാസും അലക്‌സിസ് സാഞ്ചേസും അടങ്ങുന്ന ചിലിയന്‍ മുന്നേറ്റനിരയ്ക്ക് പെറുവിന്റെ പ്രതിരോധക്കോട്ട പിളര്‍ത്താന്‍ സാധിക്കാതെ വന്നു. ഗോള്‍ രഹിതമായിരുന്നു ആദ്യ പകുതി. പന്തടക്കത്തില്‍ ചിലിയാണ് മുന്നിട്ടുനിന്നത്. എന്നാല്‍ പെറുവിന്റെ ബോക്‌സിലേക്ക് പന്തെത്തിക്കാനും അവസരം സൃഷ്ടിച്ച് ഗോള്‍ കണ്ടെത്താനുമായില്ല. കിട്ടിയ അവസരങ്ങളില്‍ പെറുവും മുന്നേറ്റങ്ങള്‍ നടത്തി. ഇരുടീമുകള്‍ക്കും ഗോള്‍ വലകുലുക്കാനാവാതെ വന്നതോടെ ടീമുകള്‍ ഓരോ പോയന്റ് വീതം പങ്കിട്ട് മടങ്ങി.
ഗ്രൂപ്പ് എ യില്‍ അര്‍ജന്റീനയാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ കാനഡയെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് അര്‍ജന്റീന പരാജയപ്പെടുത്തിയത്. പെറുവിനും ചിലിക്കും ഓരോ പോയന്റ് വീതമുണ്ട്.
