പ്രതീകാത്മക ചിത്രം

കൊല്ലം ∙ കൈകഴുകാൻ വെള്ളം കോരി നൽകാത്തതിന്റെ പേരിൽ മകൻ അമ്മയുടെ കൈ തല്ലിയൊടിച്ചു. അമ്മ നൽകിയ പരാതിയിൽ കൊല്ലം കടയ്ക്കൽ സ്വദേശി നസറുദ്ദീനെ (45) പൊലീസ് അറസ്റ്റ് ചെയ്തു. തോട്ടുങ്ങൽ സ്വദേശി കുൽസം ബീവിയുടെ ഇടതുകൈയ്യാണ് ജൂണ്‍ 16ന് മകൻ വിറകുകൊള്ളികൊണ്ട് തല്ലിയൊടിച്ചത്.

സംഭവദിവസം വൈകിട്ട് നാലരയോടെ വീട്ടിലെത്തിയ നസറുദ്ദീൻ ഭക്ഷണം വിളമ്പി നൽകാൻ ആവശ്യപ്പെട്ടു. പിന്നീട് ഇറച്ചിക്കറിയിൽ നെയ്യ് കൂടുതലാണെന്നു പറഞ്ഞ് അമ്മയെ അസഭ്യം പറഞ്ഞു. കട്ടിലിൽനിന്ന് വലിച്ചിഴച്ച് അമ്മയെ കിണറ്റിൻ കരയിൽ കൊണ്ടുചെന്ന് വെള്ളം കോരി നൽകാൻ ആവശ്യപ്പെട്ടു. അനുസരിക്കാൻ താമസിച്ചു എന്നു പറഞ്ഞാണ് അമ്മയെ അക്രമിച്ചത്. വീട്ടിലെ വസ്തുക്കളും ഇയാൾ തകർത്തു.

കടയ്ക്കൽ പൊലീസ് ജാമ്യമില്ലാത്ത വകുപ്പ് ചേർത്താണ് ഇയാളെ അറസ്റ്റു ചെയ്തിരിക്കുന്നത്. ഇയാൾ വീട്ടിൽ സ്ഥിരം പ്രശ്നമുണ്ടാക്കുന്ന ആളാണെന്ന് പൊലീസ് പറ‍ഞ്ഞു.