Photo | PTI
ബാര്‍ബഡോസ്: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ജയത്തോടെ തുടങ്ങി ഇന്ത്യ. ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്താനെതിരേ 47 റണ്‍സിന്റെ ജയം നേടി. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്താന്‍ 20 ഓവറില്‍ 134 റണ്‍സെടുക്കുന്നതിനിടെ പുറത്തായി. ബാറ്റിങ്ങില്‍ സൂര്യകുമാര്‍ യാദവും ബൗളിങ്ങില്‍ ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് എന്നിവരും ഇന്ത്യക്കായി തിളങ്ങി.
28 പന്തില്‍ മൂന്ന് സിക്സും അഞ്ച് ബൗണ്ടറിയും ഉള്‍പ്പെടെ 53 റണ്‍സാണ് സൂര്യകുമാറിന്റെ സമ്പാദ്യം. നാലോവറില്‍ റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഫ്ഗാന്റെ നാലു വിക്കറ്റുകളാണ് ബുംറ പിഴുതത്. ഓപ്പണര്‍മാരും ടൂര്‍ണമെന്റില്‍ മിന്നുന്ന ഫോമിലുമുള്ള റഹ്‌മാനുള്ള ഗുര്‍ബാസ് (8 പന്തില്‍ 11), ഹസ്‌റത്തുള്ള സര്‍സായ് (4 പന്തില്‍ 2) എന്നിവരെ മടക്കി ബുംറ ആദ്യംതന്നെ അഫ്ഗാന്റെ മനോവീര്യം കെടുത്തി. അഫ്ഗാനിസ്താനുവേണ്ടി റാഷിദ് ഖാന്‍, ഫസല്‍ ഹഖ് ഫാറൂഖി എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ നേടി.
മന്ദത നിറഞ്ഞ പിച്ചില്‍ രോഹിത്തും കോലിയും ആക്രമിച്ചുകളിക്കുന്നതില്‍ പരാജയപ്പെട്ടിടത്താണ് സൂര്യകുമാര്‍ കത്തിപ്പടര്‍ന്നത്. ഒന്‍പതാം ഓവറില്‍ ക്രീസിലെത്തിയ താരം 17-ാം ഓവറില്‍ മടങ്ങുമ്പോള്‍ ടീം സ്‌കോര്‍ 150-ലെത്തിയിരുന്നു. മറുപുറത്ത് ഹാര്‍ദിക് പാണ്ഡ്യ സൂര്യകുമാറിന് യോജിച്ച കൂട്ടായി പ്രവര്‍ത്തിച്ചു. 24 പന്തില്‍ 32 റണ്‍സാണ് ഹാര്‍ദിക്കിന്റെ സമ്പാദ്യം. രണ്ട് സിക്സും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടുന്നു. ഇരുവരും ചേര്‍ന്ന് 31 പന്തില്‍ 60 റൺസ് ചേർത്തു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയുടേത് പതിഞ്ഞ തുടക്കമായിരുന്നു. ടീം സ്‌കോര്‍ 11-ല്‍ നില്‍ക്കേ രോഹിത് പുറത്തായി (13 പന്തില്‍ 8). ഫസല്‍ഹഖ് ഫാറൂഖിയുടെ പന്തില്‍ റാഷിദ് ഖാന്‍ ക്യാച്ച് ചെയ്ത് മടക്കുകയായിരുന്നു. പിന്നാലെ ഋഷഭ് പന്തെത്തി സ്‌കോര്‍ വേഗം വര്‍ധിപ്പിച്ചു. പവര്‍ പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സായിരുന്നു ടീം സ്‌കോര്‍.
ആക്രമിച്ചു കളിച്ച പന്തിനെ ഏഴാം ഓവറില്‍ റാഷിദ് ഖാനെത്തി പുറത്താക്കി (11 പന്തില്‍ 20). കോലിയും പന്തും ചേര്‍ന്ന് രണ്ടാംവിക്കറ്റില്‍ കെട്ടിയുയര്‍ത്തിയത് 43 റണ്‍സ്. റാഷിദ് ഖാന്റെ അടുത്ത ഓവറില്‍ കോലിയും മടങ്ങി (24 പന്തില്‍ 24). പത്തോവറില്‍ 79 റണ്‍സിന് മൂന്ന് എന്ന നിലയിലായിരുന്നു ഇന്ത്യന്‍ സ്‌കോര്‍. 11-ാം ഓവറില്‍ ശിവം ദുബെയും (7 പന്തില്‍ 10) പുറത്തായതോടെ ഇന്ത്യ വീണ്ടും തകര്‍ച്ചയെ അഭിമുഖീകരിച്ചു. പിന്നീടാണ് സൂര്യകുമാറും ഹാര്‍ദിക്കും രക്ഷാപ്രവര്‍ത്തനം നടത്തിയത്.
രവീന്ദ്ര ജഡേജ (5 പന്തില്‍ 7), അക്ഷര്‍ പട്ടേല്‍ (6 പന്തില്‍ 12), അര്‍ഷ്ദീപ് സിങ് (2) എന്നിങ്ങനെയാണ് മറ്റു സ്‌കോറുകള്‍. അഫ്ഗാനിസ്താനുവേണ്ടി റാഷിദ് ഖാന്‍ നാലോവറില്‍ 26 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി. ഫസല്‍ഹഖ് ഫാറൂഖിയും നാലോവറില്‍ 33 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. മുഹമ്മദ് നബി ഒരു വിക്കറ്റും എടുത്തു.
തകര്‍ച്ചയോടെയായിരുന്നു അഫ്ഗാനിസ്താന്റെ ഇന്നിംഗ്സ്. 11 ഓവര്‍ പിന്നിട്ടപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സ് എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. അസ്മത്തുള്ള ഒമര്‍സായ് (20 പന്തില്‍ 26) ആണ് അഫ്ഗാന്‍ നിരയിലെ ടോപ് സ്‌കോറര്‍. ഇബ്രാഹിം സദ്രാന്‍ (11 പന്തില്‍ 8), ഗുലാബ്ദിന്‍ നാഇബ് (21 പന്തില്‍ 17), നജീബുള്ള സദ്രാന്‍ (17 പന്തില്‍ 19), മുഹമ്മദ് നബി (14), റാഷിദ് ഖാന്‍ (6 പന്തില്‍ 2), നൂര്‍ അഹ്‌മദ് (12), നവീനുല്‍ ഹഖ് (പൂജ്യം), ഫസല്‍ഹഖ് ഫാറൂഖി (4*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സമ്പാദ്യം.
ഇന്ത്യക്കുവേണ്ടി നാലോവറില്‍ ഒരു മെയ്ഡന്‍ അടക്കം ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ബുംറ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്. അര്‍ഷ്ദീപ് സിങ് നാലോവറില്‍ 36 റണ്‍സ് വഴങ്ങി 3 വിക്കറ്റ് നേടി. കുല്‍ദീപ് യാദവ് രണ്ടും രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോന്നും വിക്കറ്റുകള്‍ വീഴ്ത്തി.
