പ്രതീകാത്മക ചിത്രം

കൊച്ചി: എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ മുഖത്ത് അടിച്ചെന്ന പരാതിയുമായി ഗര്‍ഭിണിയായ യുവതി. ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തത് അന്വേഷിക്കാനായി സ്റ്റേഷനില്‍ എത്തിയപ്പോള്‍ സി.ഐ മര്‍ദ്ദിച്ചുവെന്നാണ് യുവതിയുടെ ആരോപണം.

എറണാകുളം നോര്‍ത്തില്‍ ഹോം സ്റ്റേ നടത്തുന്ന ബെന്‍ജോയിയെ കഴിഞ്ഞദിവസം നടന്ന കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച രാത്രി നോര്‍ത്ത് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെ സംഭവം അന്വേഷിക്കാനായി മൂന്ന്മാസം ഗര്‍ഭിണി കൂടിയായ ഭാര്യ ഷൈമോള്‍ പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഭര്‍ത്താവിനെ പോലീസ് മര്‍ദിക്കുന്നത് കണ്ടു എന്നാണ് പറയുന്നത്. ഇത് ചോദ്യം ചെയ്തതോടെ വനിതാ പോലീസ് അടക്കം എത്തി അവിടെ നിന്ന് നീക്കാന്‍ ശ്രമിച്ചു. മൂന്ന് മാസം ഗര്‍ഭിണിയാണെന്ന് പറഞ്ഞിട്ടും അതൊന്നും വകവെക്കാതെ സി.ഐ. കരണത്തടിച്ചതായാണ് ഷൈമോളുടെ ആരോപണം.

അതേസമയം ഷൈമോളുടെ ആരോപണം സി.ഐ. നിഷേധിച്ചു. സ്റ്റേഷനുള്ളില്‍ തര്‍ക്കമുണ്ടായതോടെ പിടിച്ചുമാറ്റുക മാത്രമാണുണ്ടായതെന്നാണ് പോലീസിന്റെ വിശദീകരണം. യുവതിയുടെ ഭര്‍ത്താവിന്റെ പേരില്‍ വേറെയും കേസുകളുണ്ടെന്നും മര്‍ദനമേറ്റതായി പരാതി ലഭിച്ചിട്ടില്ലെന്നും കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ പറഞ്ഞു.

സംഭവശേഷം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ് ഷൈമോള്‍. പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് ഷൈമോള്‍ പറഞ്ഞു. പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും ഷൈമോള്‍ ആവശ്യപ്പെടുന്നു. സംഭവത്തില്‍ പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകമാകും.