പവിത്ര ഗൗഡ, ദർശൻ | Photo: facebook.com/PavitraGowda.P & ANI

ബെംഗളൂരു: കന്നഡ സിനിമ നടന്‍ ദര്‍ശനും കൂട്ടാളികളും ചിത്രദുര്‍ഗ സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടെന്ന് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട രേണുകാസ്വാമി(33)യുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് കൊലപാതകം സംബന്ധിച്ച കൂടുതല്‍വിവരങ്ങള്‍ വ്യക്തമായത്. കേസില്‍ ദര്‍ശനും സുഹൃത്തായ നടി പവിത്ര ഗൗഡ എന്നിവരുള്‍പ്പെടെ 17 പേരെയാണ് ഇതുവരെ അറസ്റ്റുചെയ്തത്.

ചിത്രദുര്‍ഗയില്‍നിന്ന് ബെംഗളൂരുവിലേക്ക് കടത്തിക്കൊണ്ടുപോയ രേണുകാസ്വാമിയെ ഒരു ഷെഡ്ഡില്‍വെച്ചാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. വടികൊണ്ടും മറ്റും യുവാവിനെ നിരന്തരം മര്‍ദിച്ചു. കെട്ടിയിട്ടും ഉപദ്രവം തുടര്‍ന്നു. പിന്നാലെ യുവാവിനെ ഷോക്കേല്‍പ്പിച്ചതായും പോലീസിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ജൂണ്‍ ഒമ്പതാം തീയതി ബെംഗളൂരുവിലെ ഒരു അഴുക്കുചാലില്‍നിന്നാണ് രേണുകാസ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ മുഖത്തിന്റെ പാതിഭാഗം നായ്ക്കള്‍ ഭക്ഷിച്ചനിലയിലായിരുന്നു. ഒരു ചെവിയും മൃതദേഹത്തില്‍ കാണാനില്ലായിരുന്നു. യുവാവിന്റെ ജനനേന്ദ്രിയം തകര്‍ന്നിരുന്നതായും റിപ്പോര്‍ട്ടുകളിലുണ്ട്.

കുറ്റസമ്മതം നടത്തി നടന്‍ ദര്‍ശന്‍

ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസില്‍നിന്ന് രക്ഷപ്പെടാന്‍ 30 ലക്ഷംരൂപ നല്‍കിയതായി കുറ്റസമ്മതം നടത്തി നടന്‍ ദര്‍ശന്‍. മറ്റൊരു പ്രതിയായ പ്രദോഷിനാണ് പണം നല്‍കിയത്. പണം പ്രദോഷിന്റെ വീട്ടില്‍നിന്ന് പോലീസ് കണ്ടെടുത്തു. രേണുകാസ്വാമിയുടെ മൃതദേഹം മറവുചെയ്യാനും തന്റെ പേര് പുറത്തുവരാതിരിക്കാനുമാണ് ദര്‍ശന്‍ കൂട്ടാളികള്‍ക്ക് കൊടുക്കാനായി പണം നല്‍കിയതെന്നും പോലീസ് പറഞ്ഞു.

ദര്‍ശന്റെ അടുത്ത സുഹൃത്തും നടനുമാണ് പ്രദോഷ്. കൊലയാളിസംഘത്തിലെ നാലുപേര്‍ക്ക് അഞ്ചുലക്ഷം രൂപവീതം നല്‍കിയതായി നേരത്തെ വിവരം പുറത്തുവന്നിരുന്നു. ഇവര്‍ കൊലനടന്നദിവസം പോലീസില്‍ കീഴടങ്ങി സാമ്പത്തികവിഷയത്തിന്റെ പേരില്‍ രേണുകാസ്വാമിയെ കൊലപ്പെടുത്തിയതായി പറഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ദര്‍ശനിലേക്ക് കേസ് നീണ്ടത്.

അതിനിടെ, ഇയാള്‍ക്കെതിരേ നിര്‍ണായക തെളിവുകള്‍ അന്വേഷണസംഘം ശേഖരിച്ചു. കൊലനടന്നദിവസം ദര്‍ശന്‍ ധരിച്ച ചെരിപ്പും വസ്ത്രങ്ങളും തെളിവുകളായി പോലീസ് കണ്ടെടുത്തു. ദര്‍ശന്‍ ഈ ചെരിപ്പിട്ടാണ് രേണുകാസ്വാമിയെ മര്‍ദിക്കുന്നതിനിടെ ചവിട്ടിയതെന്ന് പോലീസ് പറഞ്ഞു. ദര്‍ശന്റെ ഭാര്യ വിജയലക്ഷ്മിയുടെ ബെംഗളൂരുവിലെ ഫ്‌ളാറ്റില്‍നിന്നാണ് ചെരിപ്പ് കണ്ടെടുത്തതെന്നും പറഞ്ഞു. ദര്‍ശന്റെ കോസ്റ്റ്യൂം ഡിസൈനറാണ് ചെരിപ്പ് വിജയലക്ഷ്മിയുടെ ഫ്‌ളാറ്റിലെത്തിച്ചത്. ചെരിപ്പും വസ്ത്രങ്ങളും ഫൊറന്‍സിക് പരിശോധനക്കയച്ചു.