സിദ്ദിഖ്
കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ മത്സരത്തിന് കളമൊരുക്കിയവർ പ്രധാനമായും ലക്ഷ്യമിടുന്നത് ജനറൽസെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന സിദ്ദിഖിനെ. ഇടവേള ബാബു ഒഴിഞ്ഞ ജനറൽസെക്രട്ടറി സ്ഥാനത്തേക്ക് സിദ്ദിഖിനെതിരേ മത്സരിക്കുന്നത് കുക്കു പരമേശ്വരനും ഉണ്ണി ശിവപാലുമാണ്.
ഇത്തവണ പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന് മോഹൻലാൽ തീരുമാനമെടുത്തതോടെ സിദ്ദിഖാകും പകരക്കാരനെന്ന അഭ്യൂഹം പരന്നിരുന്നു. അതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും അനൂപ് ചന്ദ്രനും ജയൻ ചേർത്തലയും പത്രിക നൽകി. പക്ഷേ കടുത്ത സമ്മർദത്തിന് വഴങ്ങി മോഹൻലാൽ പ്രസിഡന്റാകാൻ സമ്മതം മൂളിയതോടെ ഇവർ പത്രിക പിൻവലിച്ചു. പകരം സിദ്ദിഖ് മത്സരിക്കാനിറങ്ങിയ ജനറൽസെക്രട്ടറി സ്ഥാനത്തേക്ക് കുക്കുവും ഉണ്ണി ശിവപാലും പത്രിക നൽകി.
മോഹൻലാലും ഇടവേള ബാബുവും സ്ഥാനമൊഴിയാൻ തയ്യാറായതോടെ സിദ്ദിഖ് താക്കോൽസ്ഥാനത്തേക്ക് വരുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. ഇത് തടയുന്നതിനായി ഒരുവിഭാഗം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുൻപേ കൂടിയാലോചനകൾ തുടങ്ങി. സിദ്ദിഖ് ഏത് സ്ഥാനത്തേക്ക് വരുന്നുവോ അവിടെ എതിരായിനിൽക്കാനുള്ള തീരുമാനമായിരുന്നു ഇവരുടേത്.
സ്ത്രീകളുടെയും ചില പ്രധാന നടന്മാരുടെയും പിന്തുണയുണ്ടെന്ന് ഉറപ്പിച്ചാണ് ഇവരുടെ നീക്കം. അമ്മയിൽ ഒരുമാറ്റം എന്നതാണ് ഇവർ മുന്നോട്ടുവെക്കുന്നത്.
ബാബുരാജിനെതിരേ ജോയിന്റ് സെക്രട്ടറിസ്ഥാനത്തേക്ക് മത്സരിക്കുന്ന അനൂപ് ചന്ദ്രനെപ്പോലെയുള്ള ചിലർക്ക് ഇടതുപാർട്ടികളുമായി ബന്ധമുണ്ട്. അതുകൊണ്ട് ഇടത് സംഘടനകളിലെ ചിലനേതാക്കൾ പുറത്തുനിന്നുകൊണ്ട് ഇവർക്ക് പിന്തുണനൽകുകയും ചെയ്യുന്നുണ്ടെന്ന് സിനിമാമേഖലയിലുള്ളവർ പറയുന്നു.
നേതൃത്വത്തിനെതിരേ നിലപാടെടുത്ത വിമെൻ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യു.സി.സി.) അംഗങ്ങളിൽ പലരും ഇപ്പോൾ ‘അമ്മ’യിൽ ഇല്ല. പത്മപ്രിയയും രേവതിയും മാത്രമാണ് അംഗങ്ങൾ. പാർവതിയും റിമ കല്ലിങ്കലുമുൾപ്പെടെയുള്ളവർ സംഘടനയ്ക്ക് പുറത്താണ്. എങ്കിലും ഡബ്ല്യു.സി.സി.യുടെ നിലപാടും തിരഞ്ഞെടുപ്പിൽ നിർണായകമാകും.
എന്നാൽ നിർമാതാക്കളുടെ സംഘടനയുടെയും ഫെഫ്കയുടെയും പിന്തുണ സിദ്ദിഖിനാണെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയുന്നത്. മുൻനിരതാരങ്ങളുമായെല്ലാം സൂക്ഷിക്കുന്ന സൗഹൃദം തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് ഗുണംചെയ്യുമെന്നും അവർ പറയുന്നു. സംഘടനയുടെ 30 വർഷത്തെ ചരിത്രത്തിനിടെ ആദ്യമായാണ് ജനറൽസെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടാകുന്നത്.
