കൊല്ലപ്പെട്ട ശിവൻ, പ്രതി മുരുകൻ

നെയ്യാറ്റിന്‍കര: മുടവൂര്‍പാറ ശിവന്‍ കൊലക്കേസില്‍ സഹോദരന്‍ മുരുകന് ജീവപര്യന്തം കഠിനതടവും പിഴയും. നെയ്യാറ്റിന്‍കര പള്ളിച്ചല്‍ പൂങ്കോട് ബാബാ നിവാസില്‍ താമസിച്ചിരുന്ന ശിവനെ കൊലപെടുത്തിയ കേസിലെ പ്രതിയും കൊലചെയ്യപ്പെട്ട ശിവന്റെ ഇളയസഹോദരനുമായ മുരുകന് (46) ജീവപര്യന്തം കഠിനതടവും 2,50,000 രൂപ പിഴ ശിക്ഷയുമാണ് നെയ്യാറ്റിന്‍കര അഡിഷണല്‍ ജില്ലാ ജഡ്ജി എ.എം. ബഷീര്‍ വിധിച്ചത്. തിരുനെല്‍വേലി തെങ്കാശി സ്വദേശിയായ മുരുകന്‍ പള്ളിച്ചല്‍ മുടവൂര്‍പാറയില്‍ വാടകയക്ക് താമസിച്ചു വരികയാണ്.

2018 ജൂണ്‍ ആറിന് രാത്രി 8.15-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയായ മുരുകന്റെ ജ്യേഷ്ഠന്‍ ആണ് കൊലചെയ്യപ്പെട്ട ശിവന്‍. പള്ളിച്ചല്‍ പൂങ്കോട് ബാബ നിവാസില്‍ ഭാര്യ ധന്യയ്ക്കും മകന്‍ വിഷ്ണുവുമൊത്തു വാടക വീട്ടിലാണ് ശിവന്‍ താമസിച്ചു വന്നിരുന്നത്. പ്രതി മുരുകന്‍ തമിഴ്നാട്ടിലുള്ള ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച ശേഷം തെങ്കാശിയില്‍നിന്ന്‌ മറ്റൊരു സ്ത്രീയുമൊത്തു രഹസ്യമായി മുടവൂര്‍പാറയില്‍ താമസിച്ചു വരികയായിരുന്നു. ഇതിനിടെയാണ് മുരുകന്റെ ആദ്യ ഭാര്യയിലുള്ള മകന്‍ കാര്‍ത്തിക് മുടവൂര്‍പാറ ശിവന്റെ വീട്ടിലെത്തിയത്.

കാര്‍ത്തിക് ശിവനോട് തന്റെ പിതാവിന്റെ വീട് കാണിച്ചു തരാന്‍ ആവശ്യപ്പെട്ടു. ആദ്യം സമ്മതിക്കാതിരുന്ന ശിവന്‍ പിന്നീട് കാര്‍ത്തിക്കിനേയും കൂട്ടി മുരുകന്റെ വീട്ടിലെത്തി. തന്റെ ആദ്യ ഭാര്യയിലെ മകനെ തിരിച്ചറിഞ്ഞ മുരുകന്‍ പ്രകോപിതനായി. തര്‍ക്കത്തിനിടെ മുരുകന്‍ വീടിന്റെ അടുക്കളയില്‍ സൂക്ഷിച്ചിരുന്ന കൊടുവാള്‍ എടുത്തുകൊണ്ട് വന്നു ശിവനെ വെട്ടി പരിക്കേല്‍പ്പിച്ചു. തിരിഞ്ഞു ഓടാന്‍ ശ്രമിച്ച ശിവന്റെ മുതുകിലും ഇടതു തുടയിലും പ്രതി പിന്നെയും വെട്ടി. സംഭവസ്ഥലത്തുവെച്ചു തന്നെ ശിവന്‍ മരിച്ചു. സംഭവത്തില്‍ ബാലരാമപുരം പോലീസ് കേസെടുത്തിരുന്നു.

പ്രോസിക്യുഷന്‍ ഭാഗം 30 സാക്ഷികളെ വിസ്തരിച്ചു. 38 രേഖകളും കേസില്‍പെട്ട 34 വസ്തു വകകളും കോടതിയില്‍ ഹാജരാക്കി. ബാലരാമപുരം പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എസ്.എം. പ്രദീപ്കുമാര്‍ ആണ് അന്വേഷണം നടത്തി അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സര്‍ക്കാരിന് വേണ്ടി പബ്ലിക് പ്രോസീക്യൂട്ടര്‍ പാറശ്ശാല എ. അജികുമാര്‍ കോടതിയില്‍ ഹാജരായി.