മരിച്ച യുവാവ്, മാധുരിയുടെ സുഹൃത്ത് | Photo: Twitter@VijayKumbhar62
വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രാജ്യസഭാ എം.പി ബീദ മസ്താന്‍ റാവുവിന്റെ മകള്‍ മാധുരി ഓടിച്ച കാറിനടിയില്‍പ്പെട്ടാണ് സൂര്യ എന്ന യുവാവ് മരിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മാധുരിയെ പോലീസ് അറസ്റ്റ് ചെയ്തുവെങ്കിലും പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
ചെന്നൈ: റോഡരികിലെ നടപ്പാതയില്‍ ഉറങ്ങിക്കിടന്ന 24-കാരന്‍ ആഡംബര കാറിനടിയില്‍പ്പെട്ട് മരിച്ചു. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രാജ്യസഭാ എം.പി ബീദ മസ്താന്‍ റാവുവിന്റെ മകള്‍ മാധുരി ഓടിച്ച കാറിനടിയില്‍പ്പെട്ടാണ് സൂര്യ എന്ന യുവാവ് മരിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മാധുരിയെ പോലീസ് അറസ്റ്റ് ചെയ്തുവെങ്കിലും പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
കോളിളകകം സൃഷ്ടിച്ച പുണെയിലെ പോര്‍ഷെ കാര്‍ അപകടത്തിന് പിന്നാലെ നടക്കുന്ന ഉന്നതബന്ധമുള്ള വ്യക്തി ഉള്‍പ്പെടുന്ന രണ്ടാമത്തെ കേസാണിത്. തിങ്കളാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം. രാജ്യസഭാ എംപിയുടെ മകളും സുഹൃത്തായ യുവതിയും സഞ്ചരിച്ച ബി.എം.ഡബ്ല്യൂ കാറാണ് ചെന്നൈ ബസന്ത് നഗറിലെ റോഡരികിലുള്ള നടപ്പാതയില്‍ കിടന്നുറങ്ങിയ 24-കാരനുമേല്‍ കയറിയിറങ്ങിയത്.
അപകടത്തിന് തൊട്ടുപിന്നാലെ എം.പിയുടെ മകള്‍ മാധുരി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. കാറിലുണ്ടായിരുന്ന സുഹൃത്ത് സ്ഥലത്ത് തടിച്ചുകൂടിയവരുമായി തര്‍ക്കിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. അവരുടെ പിന്നീട് സംഭവ സ്ഥലത്തുനിന്ന് പോയി. പ്രദേശത്ത് തടിച്ചുകൂടിയവര്‍ 24-കാരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിന്നീട് പ്രദേശവാസികള്‍ പോലീസ് സ്‌റ്റേഷനിലെത്തി പ്രതിഷേധിച്ചു.
ഇതോടെയാണ് പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ബി.എം.ആര്‍ (ബീദ മസ്താന്‍ റാവു) ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് പുതുച്ചേരി രജിസ്‌ട്രേഷനുള്ള കാര്‍ എന്ന് കണ്ടെത്തുകയും ചെയ്തത്. പിന്നാലെയാണ് മാധുരി അറസ്റ്റിലാകുന്നതും ജാമ്യം നല്‍കി വിട്ടയയ്ക്കുന്നതും. സമുദ്രോത്പന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് എം.പിയുടെ ബിഎംആര്‍ ഗ്രൂപ്പെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
