സാമൂഹ്യമാധ്യങ്ങളിൽ പ്രചരിക്കുന്ന ചിത്രം | Photo: @shinenewshyd

അപകടത്തിലാണ് അദ്ദേഹത്തിന്റെ വിരല്‍ നഷ്ടപ്പെട്ടതെന്നും വിരല്‍ കിട്ടിയ ഐസ്‌ക്രീം നിര്‍മിച്ച അതേദിവസമാണ് അപകടമുണ്ടായതെന്നും പോലീസ് കണ്ടെത്തി.

മുംബൈ: നഗരത്തിലെ ഡോക്ടര്‍ക്ക് ഐസ്‌ക്രീമില്‍ നിന്ന് മനുഷ്യന്റെ വിരല്‍ കിട്ടിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. ഐസ്‌ക്രീം നിര്‍മിച്ച ഫാക്ടറിയിലെ ജീവനക്കാരന്റെ വിരലാണ് ഇതെന്നാണ് പോലീസിന്റെ നിഗമനം. ഐസ്‌ക്രീം നിര്‍മാണത്തിനിടെ ഉണ്ടായ അപകടത്തിലാണ് വിരല്‍ നഷ്ടപ്പെട്ടതെന്നും ഡോക്ടര്‍ വാങ്ങിയ ഐസ്‌ക്രീം നിര്‍മിച്ച അതേദിവസമാണ് അപകടമുണ്ടായതെന്നും പോലീസ് കണ്ടെത്തി.

ഡി.എന്‍.എ. പരിശോധനയിലൂടെ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കൂവെന്നും പോലീസ് പറഞ്ഞു. ഇതിനായി സാമ്പിളുകള്‍ ലാബിലേക്ക് അയച്ചു. പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചശേഷമേ തുടര്‍നടപടികളുണ്ടാകൂ.

കഴിഞ്ഞയാഴ്ചയാണ് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത കോണ്‍ ഐസ്‌ക്രീമില്‍ നിന്ന് മനുഷ്യന്റെ വിരലിന്റെ കഷ്ണം കിട്ടിയെന്ന പരാതിയുമായി മുംബൈ സ്വദേശിയായ ഡോ. ഒര്‍ലേം ബ്രെന്‍ഡന്‍ സെറാവോ രംഗത്തെത്തിയത്. സെപ്‌റ്റോ ആപ്പ് വഴിയാണ് ഐസ്‌ക്രീം ഓര്‍ഡര്‍ ചെയ്തത്. സംഭവത്തിന്റെ വീഡിയോ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഡോ. സെറാവോയുടെ നിര്‍ദേശപ്രകാരം സഹോദരിയാണ് ഐസ്‌ക്രീം ഓര്‍ഡര്‍ ചെയ്തത്. യമ്മോ ബ്രാന്‍ഡിന്റെ മൂന്ന് കോണ്‍ ഐസ്‌ക്രീമുകളാണ് വാങ്ങിയത്. അതിലെ ഒരു ഐസ്‌ക്രീം കഴിക്കുന്നതിന്റെ ഇടയില്‍ നാവില്‍ എന്തോ തട്ടിയത് പോലെ തോന്നിയതായി സെറാവോ പറഞ്ഞു. നട്ടോ ചോക്കലേറ്റോ ആയിരിക്കുമെന്ന് കരുതിയെങ്കിലും പിന്നീട് നോക്കിയപ്പോഴാണ് അത് ഒരു കൈവിരലിന്റെ ഭാഗമാണെന്ന് മനസ്സിലായത്.

താനൊരു ഡോക്ടറായതിനാല്‍ ശരീരഭാഗങ്ങള്‍ എങ്ങിനെയായിരിക്കുമെന്ന് അറിയാമെന്നാണ് സെറാവോ പറയുന്നത്. സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ അതിനിടയിലെ നഖങ്ങളും വിരലടയാളവും ശ്രദ്ധിച്ചപ്പോള്‍ അത് ഒരു തള്ളവിരലിനോട് സാമ്യമുള്ളതാണെന്ന് മനസ്സിലായെന്നും അദ്ദേഹം പോലീസിനോട് പറഞ്ഞിരുന്നു.