Photo: Getty Images

ട്രിനിഡാഡ്: ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച നാല് ഓവര്‍ സ്പെല്ലുമായി ന്യൂസീലന്‍ഡ് പേസര്‍ ലോക്കി ഫെര്‍ഗൂസന്‍. പാപ്പുവ ന്യൂഗിനിക്കെതിരായ മത്സരത്തില്‍ നാല് ഓവര്‍ എറിഞ്ഞ താരത്തിന്റെ നാല് ഓവറുകളും മെയ്ഡനായി. ഒരു റണ്‍പോലും വഴങ്ങാതെ വീഴ്ത്തിയത് മൂന്നു വിക്കറ്റുകളും. ടി20 ലോകകപ്പ് ചരിത്രത്തില്‍ നാല് ഓവറില്‍ ഒരു റണ്‍പോലും വഴങ്ങാതെ രണ്ടോ അതിലധികമോ വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ താരമായിരിക്കുകയാണ് ഫെര്‍ഗൂസന്‍.

കാനഡയുടെ സാദ് ബിന്‍ സഫറിനു ശേഷം ടി20-യില്‍ നാല് ഓവറുകളും മെയ്ഡനാക്കുന്ന രണ്ടാമത്തെ ബൗളര്‍ കൂടിയാണ് ഫെര്‍ഗൂസന്‍. 2021 നവംബറില്‍ പനാമയ്ക്കെതിരെയായിരുന്നു സഫറിന്റെ പ്രകടനം. 2014-ല്‍ ശ്രീലങ്കയുടെ നുവാന്‍ കുലശേഖര നെതര്‍ലന്‍ഡ്സിനെതിരേ ബൗള്‍ ചെയ്ത രണ്ട് ഓവറുകളും മെയ്ഡനാക്കി ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു.

അതേസമയം അപ്രസക്തമായ മത്സരത്തില്‍ ന്യൂസീലന്‍ഡ് ഏഴു വിക്കറ്റിന്റെ ജയം സ്വന്തമാക്കി. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത കിവീസ്, പാപ്പുവ ന്യൂഗിനിയെ 78 റണ്‍സിന് പുറത്താക്കി. ഫെര്‍ഗൂസനെ കൂടാതെ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി ട്രെന്‍ഡ് ബോള്‍ട്ടും ടിം സൗത്തിയും ഇഷ് സോധിയും കിവീസിനായി തിളങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസ് 12.2 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഡെവോണ്‍ കോണ്‍വെയാണ് (32 പന്തില്‍ 35) കിവീസിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (18), ഡാരില്‍ മിച്ചല്‍ (19) എന്നിവര്‍ പുറത്താകാതെ നിന്നു. ഗ്രൂപ്പ് സിയില്‍ നിന്ന് ന്യൂസീലന്‍ഡും പാപ്പുവ ന്യൂഗിനിയും നേരത്തേ തന്നെ സൂപ്പര്‍ എട്ട് കാണാതെ പുറത്തായിരുന്നു.