ക്രിസ്റ്റ്യാനോ റൊണാൾഡോ, Photo; AFP
ലെയ്പ്‌സിഗ്: യൂറോപ്പിന്റെ രാജാക്കന്‍മാരാകാനുറച്ച് പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സംഘവും ചൊവ്വാഴ്ച ആദ്യ പോരാട്ടത്തിനിറങ്ങുന്നു. ചൊവ്വാഴ്ച രാത്രി 12.30 നാണ് മത്സരം. ചെക്ക് റിപ്പബ്ലിക്കാണ് പോര്‍ച്ചുഗലിന്റെ എതിരാളികള്‍. ജയത്തോടെ യൂറോ കപ്പ് തുടക്കം ഗംഭീരമാക്കാനായിരിക്കും പോര്‍ച്ചുഗലിന്റെ ശ്രമം. കരിയറിലെ ആറാം യൂറോ കപ്പിനാണ് ക്രിസ്റ്റ്യാനോ തയ്യാറെടുക്കുന്നത്.
യൂറോ കപ്പില്‍ ഗ്രൂപ്പ് സി യിലാണ് പോര്‍ച്ചുഗല്‍. തുര്‍ക്കി, ജോര്‍ജിയ, ചെക്ക് റിപ്പബ്ലിക് ടീമുകളാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. രണ്ടാം യൂറോ കപ്പാണ് പോര്‍ച്ചുഗല്‍ ലക്ഷ്യമിടുന്നത്. 2016-ലാണ് ക്രിസ്റ്റ്യാനോയുടെ നായകത്വത്തില്‍ പോര്‍ച്ചുഗീസ് പട യൂറോ കപ്പില്‍ മുത്തമിട്ടത്. അതിന് ശേഷം മറ്റൊരു ടൂര്‍ണമെന്റില്‍ കപ്പുയര്‍ത്താന്‍ ടീമിനായിട്ടില്ല. 2020-യൂറോ കപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി. 2022-ലോകകപ്പില്‍ ക്വാര്‍ട്ടറിലും കാലിടറി.
ഖത്തര്‍ ലോകകപ്പിലെ നോക്കൗട്ടില്‍ അന്നത്തെ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസ് റോണോയെ ആദ്യ ഇലവനിലിറക്കിയിരുന്നില്ല. പിന്നാലെ താരം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കാനൊരുങ്ങുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ ക്ലബ്ബ് ഫുട്‌ബോളില്‍ സൗദിയിലേക്ക് കൂടുമാറിയ റൊണാള്‍ഡോ അവിടെ മിന്നും ഫോമിലെത്തി. സൗദി ക്ലബ്ബ് അല്‍നസറിനായി റോണോ ഗോളടിച്ച് കൂട്ടുകയാണ്. പുതിയ പരിശീലകനായ റൊബര്‍ട്ടോ മാര്‍ട്ടിനസ് റൊണാള്‍ഡോയില്‍ പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്.
അയര്‍ലന്‍ഡിനെതിരേനടന്ന സന്നാഹമത്സരത്തില്‍ ഇരട്ടഗോള്‍ നേടി തന്റെ ആറാം യൂറോകപ്പിലേക്കുള്ള വരവ് താരം കൊഴുപ്പിച്ചിട്ടുണ്ട്. മത്സരത്തില്‍ എതിരില്ലാത്ത മൂന്നുഗോളിനാണ് പോര്‍ച്ചുഗല്‍ ജയിച്ചത്. 50, 60 മിനിറ്റുകളിലാണ് ക്രിസ്റ്റ്യാനോയുടെ ഗോളുകള്‍ വന്നത്. 18-ാം മിനിറ്റില്‍ ജാവോ ഫെലിക്സും സ്‌കോര്‍ ചെയ്തു.
