മത്സരശേഷം ഉഗാണ്ടൻ താരങ്ങൾ ആരാധകർക്ക് ഓട്ടോഗ്രാഫ് നൽകുന്നു, Photo:AFP

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ താരങ്ങള്‍ക്ക് കോഴ നല്‍കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. ഉഗാണ്ട താരത്തെ മുന്‍ കെനിയന്‍ താരമാണ് സമീപിച്ചത്. പല തവണ ബന്ധപ്പെടാന്‍ ശ്രമിച്ചതോടെ താരം ഐ.സി.സി യെ അറിയിച്ചു.

ഇതില്‍ പുതുമയില്ലെന്നും ചെറിയ ടീമുകളിലുള്ള താരങ്ങളെയാണ് കൂടുതലായി ഇത്തരക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഐ.സി.സി വൃത്തങ്ങള്‍ അറിയിച്ചു. കോഴയ്ക്കായി സമീപിച്ചാല്‍ താരങ്ങള്‍ ഐ.സി.സി യെ അറിയിക്കണം. ഐസി.സി യെ അറിയിക്കാതിരുന്നാല്‍ അത് ഐ.സി.സി യുടെ അഴിമതി-വിരുദ്ധ ചട്ടമനുസരിച്ച് കുറ്റകരമാണ്.

ടി20 ലോകകപ്പില്‍ ആദ്യമായി കളിക്കാനെത്തിയ ഉഗാണ്ട ഒരു വിജയവും സ്വന്തമാക്കിയിരുന്നു. ഗ്രൂപ്പ് സി യിലെ മത്സരത്തില്‍ പാപ്പുവാ ന്യൂഗിനിയയെയാണ് പരാജയപ്പെടുത്തിയത്. വെസ്റ്റിന്‍ഡീസ്, അഫ്ഗാനിസ്താന്‍, ന്യൂസിലന്‍ഡ് ടീമുകളുള്‍പ്പെട്ട ഗ്രൂപ്പില്‍ ടീം നാലാമതായിരുന്നു.