നിക്കോളാസ് പുരാൻ, Photo:AFP
സെന്റ് ലൂസിയ: ടി20 ലോകകപ്പില്‍ പുതുചരിത്രമെഴുതി വെസ്റ്റിന്‍ഡീസ്. ടി20 ലോകകപ്പില്‍ പവര്‍പ്ലേയിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കുറിച്ചാണ് വിന്‍ഡീസ് ചരിത്രം കുറിച്ചത്. ലോകകപ്പില്‍ അഫ്ഗാനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിലാണ് ടീമിന്റെ നേട്ടം.
അഫ്ഗാനെതിരേ ആദ്യ ആറ് ഓവറില്‍ 92-റണ്‍സാണ് വിന്‍ഡീസ് ബാറ്റര്‍മാര്‍ അടിച്ചെടുത്തത്. 2014-ല്‍ അയര്‍ഡലന്‍ഡിനെതിരേ നെതര്‍ലന്‍ഡ്‌സ് നേടിയ 91 – റണ്‍സെന്ന നേട്ടമാണ് വിന്‍ഡീസ് മറികടന്നത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ വിന്‍ഡീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 92-റണ്‍സെന്ന നിലയിലായിരുന്നു.ഓപ്പണര്‍ ബ്രന്‍ഡന്‍ കിങ്ങിന്റെ വിക്കറ്റാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. ജോണ്‍സണ്‍ ചാള്‍സും നിക്കോളാസ് പുരാനുമാണ് വെടിക്കെട്ട് തുടക്കം സമ്മാനിച്ചത്.
അസ്മത്തുള്ള ഒമര്‍സായി എറിഞ്ഞ നാലാം ഓവറില്‍ ടീം 36-റണ്‍സും നേടി. ഓവറില്‍ പുരാന്‍ മൂന്ന് സിക്‌സും മൂന്ന് ഫോറും നേടി. ഓവറിലെ ഒരു പന്ത് നോ ബോളായിരുന്നു. ഒരു വൈഡ് ബോള്‍ ബൗണ്ടറിയിലും കലാശിച്ചു. അതോടെയാണ് ഓവറില്‍ 36-റണ്‍സ് പിറന്നത്. ഇത് രണ്ടാം തവണയാണ് ടി20 ലോകകപ്പില്‍ ഒരു ടീം ഒരോവറില്‍ 36-റണ്‍സ് നേടുന്നത്. 2007-ലോകകപ്പില്‍ യുവ്‌രാജ് സിങ് സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഓവറില്‍ ആറ് സിക്‌സറുകള്‍ നേടിയിരുന്നു. ടി20-യില്‍ അഞ്ചാം തവണയാണ് ഒരോവറില്‍ 36-റണ്‍സ് പിറക്കുന്നത്.
അതേ സമയം മത്സരത്തില്‍ വെസ്റ്റിന്‍ഡീസ് തകര്‍പ്പന്‍ ജയം സ്വന്തമാക്കി. അഫ്ഗാനെതിരേ 219-റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയ വിന്‍ഡീസ് 114- റണ്‍സിന് അഫ്ഗാനെ എറിഞ്ഞിട്ടു. 104-റണ്‍സിന്റെ ജയത്തോടെ അപരാജിതരായി റൊവ്മാന്‍ പവലും സംഘവും സൂപ്പര്‍ എട്ടിലേക്ക് മുന്നേറി. 53- പന്തില്‍ 98-റണ്‍സെടുത്ത പുരാനാണ് കളിയിലെ താരം.
