Photo: AFP
ബാഡന്‍ വ്യുര്‍ട്ടെംബെര്‍ഗ് (ജര്‍മനി): യൂറോ കപ്പില്‍ ഗ്രൂപ്പ് സിയിലെ ഡെന്‍മാര്‍ക്ക് – സ്ലൊവേനിയ മത്സരം സമനിലയില്‍. ഇരു ടീമും ഓരോ ഗോള്‍ വീതം നേടി സമനില പാലിക്കുകയായിരുന്നു. 17-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ എറിക്‌സണിലൂടെ മുന്നിലെത്തിയ ഡെന്‍മാര്‍ക്കിനെതിരേ എറിക് യാന്‍സ 77-ാം മിനിറ്റില്‍ നേടിയ ഗോളില്‍ സ്ലൊവേനിയ സമനില പിടിക്കുകയായിരുന്നു.
മത്സരത്തിന്റെ തുടക്കം മുതല്‍ സ്ലൊവേനിയക്കെതിരേ ആധിപത്യം പുലര്‍ത്തിയ ഡെന്‍മാര്‍ക്ക് 17-ാം മിനിറ്റില്‍ തന്നെ മുന്നിലെത്തി. അലക്‌സാണ്ടര്‍ ബാ അതിവേഗമെടുത്ത ഒരു ത്രോയ്‌ക്കൊടുവില്‍ പെനാല്‍റ്റി ഏരിയയില്‍ നിന്ന് ജൊനാസ് വിന്‍ഡ് പുറകോട്ട് ഫ്‌ളിക്ക് ചെയ്ത പന്ത് വലിയിലെത്തിച്ച് ക്രിസ്റ്റ്യന്‍ എറിക്‌സണാണ് ഡെന്‍മാര്‍ക്കിനെ മുന്നിലെത്തിച്ചത്. കഴിഞ്ഞയൂറോയില്‍ ഫിന്‍ലന്‍ഡിനെതിരായ മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മൈതാനത്ത് കുഴഞ്ഞുവീണ് 1100 ദിവസങ്ങള്‍ക്കു ശേഷം താരം രാജ്യത്തിനായി നേടുന്ന ഗോള്‍കൂടിയായിരുന്നു ഇത്.
എറിക്‌സന്റെ ഗോളിന് 77-ാം മിനിറ്റില്‍ യാന്‍സയിലൂടെ സ്ലൊവേനിയയുടെ മറുപടിയെത്തി. ഡെന്‍മാര്‍ക്ക് പ്രതിരോധം തട്ടിയൊഴിവാക്കിയ ഒരു കോര്‍ണറില്‍ നിന്ന് പന്ത് ലഭിച്ച യാന്‍സ ബോക്‌സിന് തൊട്ടുവെളിയില്‍ നിന്ന് കിടിലനൊരു ഷോട്ടിലൂടെ പന്ത് വലയ്ക്കുള്ളിലാക്കുകയായിരുന്നു.
ഗോള്‍വഴങ്ങിയതോടെ സ്‌ട്രൈക്കര്‍മാരായ കാസ്പര്‍ ഡോള്‍ബെര്‍ഗ്, യൂസഫ് പോള്‍സന്‍ എന്നിവരെ കളത്തിലിറക്കിയെങ്കിലും ഡെന്‍മാര്‍ക്കിന് വിജയഗോള്‍ കണ്ടെത്താനായില്ല.
