Photo: PTI

ഫ്‌ളോറിഡ: ദിവസങ്ങള്‍ക്കു ശേഷം ഒടുവില്‍ ഫ്‌ളോറിഡയിലെ ലൗഡര്‍ഹില്‍ സ്‌റ്റേഡിയത്തില്‍ പൂര്‍ണമായി ഒരു മത്സരം നടന്നു. മോശം കാലാവസ്ഥയും ഔട്ട്ഫീല്‍ഡിലെ നനവും കാരണം കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ഇവിടെ നടന്ന മത്സരങ്ങള്‍ ഒരു പന്തുപോലും എറിയാതെ ഉപേക്ഷിക്കുകയായിരുന്നു. ഗ്രൂപ്പ് എയില്‍ നടന്ന അപ്രസക്തമായ മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരേ വിറച്ച് ഒടുവില്‍ മൂന്നു വിക്കറ്റിന്റെ ജയം സ്വന്തമാക്കി പാകിസ്താന് മടക്കം. പാക് ടീം നേരത്തേ തന്നെ സൂപ്പര്‍ എട്ട് കാണാതെ പുറത്തായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡ് നേടിയ ഒമ്പത് വിക്കറ്റിന് 106 റണ്‍സ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ ഏഴു പന്തുകള്‍ ബാക്കിനില്‍ക്കേ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 34 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറിയടക്കം 32 റണ്‍സോടെ പുറത്താകാതെ നിന്ന ബാബര്‍ അസമിന്റെ ഇന്നിങ്‌സാണ് പാക് ടീമിനെ രക്ഷിച്ചത്. മുഹമ്മദ് റിസ്വാന്‍ (17), സയിം അയൂബ് (17), അബ്ബാസ് അഫ്രീദി (17) എന്നിവരാണ് ബാബറിനെ കൂടാതെ പാക്‌നിരയില്‍ രണ്ടക്കം കടന്നത്. മധ്യ ഓവറുകളില്‍ ഫഖര്‍ സമാന്‍ (5), ഉസ്മാന്‍ ഖാന്‍ (2), ഷദാബ് ഖാന്‍ (0) എന്നിവരെ പെട്ടെന്ന് നഷ്ടമായതോടെ പാകിസ്താന്‍ ഒരു ഘട്ടത്തില്‍ ആറിന് 62 റണ്‍സെന്ന നിലയില്‍ തോല്‍വി മുന്നില്‍ കണ്ടു. എന്നാല്‍ ബാബറിന് പിന്തുണ നല്‍കിയ അബ്ബാസ് അഫ്രീദിയുടെ ഇന്നിങ്‌സാണ് അവര്‍ക്ക് രക്ഷയായത്.

അയര്‍ലന്‍ഡിനായി ബാരി മക്കാര്‍ത്തി നാല് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. കര്‍ട്ടിസ് കാംഫെര്‍ രണ്ടു വിക്കറ്റെടുത്തു.

നേരത്തേ മൂന്നു വിക്കറ്റ് വീതം നേടിയ ഷഹീന്‍ അഫ്രീദിയും ഇമാദ് വസീമും ചേര്‍ന്നാണ് അയര്‍ലന്‍ഡിനെ 106-ല്‍ ഒതുക്കിയത്. മുഹമ്മദ് ആമിര്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. ബാല്‍ബിര്‍ണി (0), ക്യാപ്റ്റന്‍ പോള്‍ സ്‌റ്റെര്‍ലിങ് (1), ലോര്‍കാന്‍ ടക്കര്‍ (2), ഹാരി ടെക്ടര്‍ (0), ഡോക്‌റെല്‍ (11) എന്നിവരെ നഷ്ടമായി അഞ്ചിന് 28 എന്ന ദയനീയ സ്ഥിതിയിലായിരുന്നു ഐറിഷ്‌നിര. 19 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത ഡെലാനിയുടെയും 18 പന്തില്‍ 22 റണ്‍സടിച്ച ജോഷ്വ ലിറ്റിലിന്റെയും 15 റണ്‍സെടുത്ത മാര്‍ക്ക് അഡയറിന്റെയും ഇന്നിങ്‌സുകളാണ് ടീമിനെ നാണക്കേടില്‍ നിന്നും രക്ഷിച്ചത്.