Photo | AP
സെന്റ് ലൂസിയ: ടി20 ലോകകപ്പ് ഗ്രൂപ്പ് ബി യിലെ നിര്‍ണായക മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെ അഞ്ചുവിക്കറ്റിന് തകര്‍ത്ത് കരുത്തരായ ഓസ്‌ട്രേലിയ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സ്‌കോട്ട്‌ലന്‍ഡ്, നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 19.4 ഓവറില്‍ ലക്ഷ്യം മറികടന്നു. സ്‌കോര്‍: 186/5 (19.4 ഓവര്‍). തോല്‍വിയോടെ സ്‌കോട്ട്‌ലന്‍ഡ് സൂപ്പര്‍ എട്ട് കാണാതെ പുറത്തായി. ഗ്രൂപ്പില്‍നിന്ന് ഇംഗ്ലണ്ട് സൂപ്പര്‍ എട്ടിലേക്ക് പ്രവേശിക്കുകയും ചെയ്തു. ഓസ്‌ട്രേലിയ നേരത്തേതന്നെ അടുത്ത റൗണ്ട് ഉറപ്പിച്ചതാണ്.
ഓപ്പണര്‍ ട്രാവിസ് ഹെഡും മാര്‍ക്കസ് സ്‌റ്റോയ്‌നിസും നടത്തിയ ബാറ്റിങ് പവറിലാണ് ഓസ്‌ട്രേലിയ ജയിച്ചത്. മധ്യ ഓവറുകളില്‍ സ്‌റ്റോയ്‌നിസ് നടത്തിയ വെടിക്കെട്ടുകള്‍ കളിയെ ഓസ്‌ട്രേലിയയുടെ വരുതിയിലെത്തിച്ചു. രണ്ട് സിക്‌സും ഒന്‍പത് ബൗണ്ടറിയും ചേര്‍ന്നതാണ് സ്റ്റോയ്‌നിസിന്റെ ഇന്നിങ്‌സെങ്കില്‍, നാല് സിക്‌സും അഞ്ച് ബൗണ്ടറിയുമാണ് ട്രാവിസ് ഹെഡിന്റെ അര്‍ധ സെഞ്ചുറിയില്‍ പിറന്നത്. നേരത്തേ സ്‌കോട്ട്‌ലന്‍ഡിനുവേണ്ടി ബ്രന്‍ഡന്‍ മക്കല്ലന്‍ ആറ് സിക്‌സും രണ്ട് ബൗണ്ടറിയും സഹിതം 34 പന്തില്‍ 60 റണ്‍സ് നേടിയിരുന്നു.
ടിം ഡേവിഡ് (14 പന്തില്‍ 24), ഗ്ലെന്‍ മാക്‌സ്‌വെല്‍ (8 പന്തില്‍ 11), മിച്ചല്‍ മാര്‍ഷ് (8), ഡേവിഡ് വാര്‍ണര്‍ (1), മാത്യു വാഡെ (4) എന്നിങ്ങനെയാണ് മറ്റ് ഓസീസ് താരങ്ങളുടെ സ്‌കോറുകള്‍. പവര്‍ പ്ലേയില്‍ 36 റണ്‍സ് മാത്രമുണ്ടായിരുന്ന ഓസ്‌ട്രേലിയ, മധ്യ-അവസാന ഓവറുകളില്‍ നടത്തിയ നീക്കമാണ് വിജയത്തിലേക്ക് നയിച്ചത്. നാലാം വിക്കറ്റില്‍ ഹെഡും സ്‌റ്റോയ്‌നിസും ചേര്‍ന്ന് 80 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സ്‌കോട്ട്‌ലന്‍ഡ് മികച്ച പ്രകടനമാണ് കരുത്തര്‍ക്കെതിരേ പുറത്തെടുത്തത്. ആദ്യ ഓവറില്‍ത്തന്നെ ഓപ്പണര്‍ മൈക്കല്‍ ജോണ്‍സ് (2) പുറത്തായെങ്കിലും പിന്നീട് ബ്രന്‍ഡന്‍ മക്കല്ലനും ജോര്‍ജ് മുന്‍സിയും ചേര്‍ന്ന് ഓസീസ് ബൗളര്‍മാരെ നന്നായി പ്രഹരിച്ചു. മാക്‌സ്‌വെല്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ 18 റണ്‍സ് നേടി. ഇരുവരും ചേര്‍ന്ന് 89 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. പത്തോവറില്‍ 96-ല്‍ രണ്ട് എന്ന നിലയിലായിരുന്നു സ്‌കോട്ടിഷ് സ്‌കോര്‍.
മക്കല്ലന്‍ ആറ് സിക്‌സും രണ്ട് ബൗണ്ടറിയും സഹിതം 34 പന്തില്‍ 60 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ബെറിങ്ടണ്‍ 31 പന്തില്‍ 42 റണ്‍സും നേടി. മുന്‍സി (23 പന്തില്‍ 35), മാത്യൂ ക്രോസ് (11 പന്തില്‍ 18) എന്നിവരും രണ്ടക്കം കടന്നു. ഓസ്‌ട്രേലിയക്കുവേണ്ടി മാക്‌സ്‌വെല്‍ രണ്ടും നഥാന്‍ എലിസ്, ആഗര്‍, സാംപ എന്നിവര്‍ ഓരോന്നും വിക്കറ്റുകള്‍ വീഴ്ത്തി. സ്‌കോട്ട്‌ലന്‍ഡിനുവേണ്ടി മാര്‍ക്ക് വാട്ട്, സഫ്‌യാന്‍ ഷരിഫ് എന്നിവര്‍ രണ്ടും ബ്രാഡ് വീല്‍ ഒന്നും വിക്കറ്റുകള്‍ നേടി.
