Photo: ANI
ന്യൂയോര്‍ക്ക്: നാസോ കൗണ്ടി ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെ താന്തോന്നിപ്പിച്ചില്‍ യുഎസ്എയ്‌ക്കെതിരേ തുടക്കത്തില്‍ വിറച്ച ശേഷം ജയം സ്വന്തമാക്കി ഇന്ത്യ. ജയത്തോടെ ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യ സൂപ്പര്‍ എട്ടിലേക്ക് മുന്നേറി. യുഎസ് ഉയര്‍ത്തിയ 111 റണ്‍സ് വിജയലക്ഷ്യം 10 പന്തുകള്‍ ബാക്കിനില്‍ക്കേ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.
മോശം തുടക്കത്തോടെ പ്രതിസന്ധിയിലായ ഇന്ത്യയെ നാലാം വിക്കറ്റില്‍ ഒന്നിച്ച സൂര്യകുമാര്‍ യാദവ് – ശിവം ദുബെ സഖ്യമാണ് വിജയത്തിലെത്തിച്ചത്. അര്‍ധ സെഞ്ചുറി നേടിയ സൂര്യ 49 പന്തില്‍ നിന്ന് 50 റണ്‍സോടെ പുറത്താകാതെ നിന്നു. രണ്ടു വീതം സിക്‌സും ഫോറുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. സൂര്യയ്ക്ക് ഉറച്ച പിന്തുണ നല്‍കിയ ദുബെ 35 പന്തില്‍ നിന്ന് 31 റണ്‍സെടുത്തു. ഇരുവരും ചേര്‍ന്നെടുത്ത 72 റണ്‍സാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.
മത്സരത്തിനിടെ പുതിയ ഓവര്‍ ആരംഭിക്കാന്‍ യുഎസ് മൂന്ന് തവണ 60 സെക്കന്‍ഡിലേറെ സമയമെടുത്തതോടെ പെനാല്‍റ്റിയായി ഇന്ത്യയ്ക്ക് അഞ്ചു റണ്‍സ് അനുവദിച്ചുകിട്ടുകയും ചെയ്തു. ഇന്ത്യയ്ക്ക് 30 പന്തില്‍ ജയിക്കാന്‍ 35 റണ്‍സ് വേണമെന്ന ഘട്ടത്തിലായിരുന്നു ഇത്.
111 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്ക് ഇന്നിങ്‌സിന്റെ രണ്ടാം പന്തില്‍ തന്നെ വിരാട് കോലിയെ (0) നഷ്ടമായി. ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം ഇന്നിങ്‌സിലു പരാജയമായ കോലി നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്താകുകയായിരുന്നു. പിന്നാലെ സ്‌കോര്‍ ബോര്‍ഡില്‍ 10 റണ്‍സ് മാത്രമുള്ളപ്പോള്‍ ആറു പന്തില്‍ മൂന്നു റണ്‍സുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മടങ്ങിയതോടെ ഇന്ത്യയുടെ തുടക്കം പാളി.
പാകിസ്താനെതിരേ യുഎസിന് ജയമൊരുക്കിയ സൗരഭ് നേത്രവാല്‍ക്കറാണ് ഇരുവരെയും പുറത്താക്കിയത്.
മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ഋഷഭ് പന്ത് – സൂര്യകുമാര്‍ യാദവ് സഖ്യം സ്‌കോര്‍ 39 വരെയെത്തിച്ചു. എട്ടാം ഓവറില്‍ പന്തിനെ മടക്കിയ ആലി ഖാന്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 20 പന്തില്‍ നിന്ന് ഒരു സിക്‌സും ഫോറുമടക്കം 18 റണ്‍സായിരുന്നു പന്തിന്റെ സമ്പാദ്യം. തുടര്‍ന്നായിരുന്നു മത്സരഫലം നിര്‍ണയിച്ച സൂര്യ – ദുബെ കൂട്ടുകെട്ട്.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ യുഎസ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സെടുത്തിരുന്നു. നാല് ഓവറില്‍ വെറും ഒമ്പത് റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത അര്‍ഷ്ദീപ് സിങ്ങാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. അര്‍ഷ്ദീപിനൊപ്പം നാല് ഓവറില്‍ ഒരു മെയ്ഡനടക്കം 14 റണ്‍സിന് രണ്ടു വിക്കറ്റ് വീഴ്ത്തിയ ഹാര്‍ദിക് പാണ്ഡ്യയും ബൗളിങ്ങില്‍ തിളങ്ങി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ യുഎസിന് ഇന്നിങ്സിന്റെ ആദ്യ പന്തില്‍ തന്നെ പിഴച്ചു. മൊണാങ്ക് പട്ടേലിന് പകരം ടീമിലെത്തിയ ഷയാന്‍ ജഹാംഗീര്‍ (0) ആദ്യ പന്തില്‍ തന്നെ അര്‍ഷ്ദീപിനു മുന്നില്‍ വീണു. പിന്നാലെ അതേ ഓവറിലെ ആറാം പന്തില്‍ ആന്‍ഡ്രിസ് ഗോസിനെയും (2) വീഴ്ത്തിയ അര്‍ഷ്ദീപ് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചു.
പിന്നീട് എട്ടാം ഓവറില്‍ ഫോമിലുള്ള ആരോണ്‍ ജോണ്‍സിനെ (22 പന്തില്‍ 11) മടക്കി ഹാര്‍ദിക് പാണ്ഡ്യയും യുഎസിനെ പ്രതിരോധത്തിലാക്കി. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച സ്റ്റീവന്‍ ടെയ്ലര്‍ – നിതീഷ് കുമാര്‍ സഖ്യം ശ്രദ്ധയോടെ ഇന്നിങ്സ് മുന്നോട്ടുനയിച്ചു. 30 പന്തില്‍ നിന്ന് രണ്ട് സിക്സടക്കം 24 റണ്‍സെടുത്ത ടെയ്ലറെ പുറത്താക്കി അക്ഷര്‍ പട്ടേലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. എന്നാല്‍ നിതീഷ് പിടിച്ചുനിന്ന് സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു. 23 പന്തില്‍ നിന്ന് ഒരു സിക്സും രണ്ട് ഫോറുമടക്കം 27 റണ്‍സെടുത്ത താരത്തെ ഒടുവില്‍ 15-ാം ഓവറില്‍ അര്‍ഷ്ദീപ് മടക്കി. നിതീഷാണ് യുഎസ് ഇന്നിങ്സിലെ ടോപ് സ്‌കോറർ.
കോറി ആര്‍ഡേഴ്സണ്‍ 12 പന്തില്‍ 14 റണ്‍സെടുത്തു. ഹര്‍മീത് സിങ് 10 പന്തില്‍ നിന്ന് 10 റണ്‍സ് നേടി. ഷാഡ്‌ലി വാന്‍ ഷാല്‍ക്വിക്ക് (11*) പുറത്താകാതെ നിന്നു.
നേരത്തേ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ ഇന്ത്യ നിലനിര്‍ത്തി.
യുഎസ് ടീമില്‍ ക്യാപ്റ്റന്‍ മൊണാങ്ക് പട്ടേലിന് പകരം ഷയാന്‍ ജഹാംഗീറും നോസ്തുഷിന് പകരം ഷാഡ്‌ലി വാന്‍ ഷാല്‍ക്വിക്കും കളിക്കും. ആരോണ്‍ ജോണ്‍സാണ് ടീമിനെ നയിക്കുന്നത്.
