കെയ്ൻ വില്ല്യംസണിന്റെ വിക്കറ്റാഘോഷിക്കുന്ന വെസ്റ്റിൻഡീസ് താരങ്ങൾ | Photo: PTI

സാന്‍ ഫെര്‍ണാണ്ടോ: ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റില്‍ തുടര്‍ച്ചയായ മൂന്നാം വിജയത്തോടെ വെസ്റ്റിന്‍ഡീസ് സൂപ്പര്‍ എട്ടില്‍. ന്യൂസീലന്‍ഡിനെ 13 റണ്‍സിനാണ് വെസ്റ്റിന്‍ഡീസ് പരാജയപ്പെടുത്തിയത്. അതേസമയം തുടര്‍ച്ചയായ രണ്ടാം തോല്‍വി നേരിട്ട ന്യൂസീലന്‍ഡ് പുറത്തേക്കുള്ള വഴിയിലാണ്. കഴിഞ്ഞ മത്സരത്തില്‍ അഫ്ഗാനിസ്താനോട് 84 റണ്‍സിന് ന്യൂസീലന്‍ഡ് നാണംകെട്ടിരുന്നു.

ആദ്യം ബാറ്റു ചെയ്ത വെസ്റ്റിന്‍ഡീസ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണെടുത്തത്. മറുപടി ബാറ്റിങ്ങില്‍ ന്യൂസീലന്‍ഡിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 68 റണ്‍സെടുത്ത ഷെര്‍ഫെയ്ന്‍ റുതര്‍ഫോര്‍ഡും നാല് ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റെടുത്ത അല്‍സാരി ജോസഫും നാല് ഓവറില്‍ 25 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഗുഡകേശ് മോറ്റിയുമാണ് വെസ്റ്റിന്‍ഡീസിന്റെ വിജയശില്പികൾ.

33 പന്തില്‍ 40 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സ് മാത്രമാണ് കിവീസ് ബാറ്റിങ്ങില്‍ അല്‍പമെങ്കിലും ചെറുത്തുനിന്നത്. ഫിന്‍ അലെന്‍ 26 റണ്‍സെടുത്തപ്പോള്‍ 21 റണ്‍സോടെ മിച്ചല്‍ സാന്റ്‌നര്‍ പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ ഒരു റണ്ണിന് പുറത്തായി. ദേവണ്‍ കോന്‍വേ അഞ്ച് റണ്‍സും രചിന്‍ രവീന്ദ്ര 10 റണ്‍സും സംഭാവന ചെയ്തു.

നേരത്തെ ഷെര്‍ഫെയ്ന്‍ റുതര്‍ഫോര്‍ഡിന്റെ മികച്ച ബാറ്റിങ്ങാണ് വെസ്റ്റിന്‍ഡീസിനെ തുണച്ചത്. 39 പന്തില്‍ ആറു സിക്‌സും രണ്ടു ഫോറും സഹിതം 68 റണ്‍സാണ് താരം നേടിയത്. മറ്റു ബാറ്റര്‍മാര്‍ക്കൊന്നും തിളങ്ങാനായില്ല. കിവീസിനായി ട്രെന്റ് ബോള്‍ട്ട് മൂന്നും ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. ജെയിംസ് നീഷാമും മിച്ചല്‍ സാന്റ്‌നറും ഓരോ വിക്കറ്റ് വീതം നേടി.

കളിച്ച രണ്ട് മത്സരങ്ങളും തോറ്റ ന്യൂസീലന്‍ഡ് നിലവില്‍ ഗ്രൂപ്പ് സിയില്‍ അവസാന സ്ഥാനത്താണ്. മൂന്ന് മത്സരങ്ങളും വിജയിച്ച വെസ്റ്റിന്‍ഡീസ് ആറു പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.