Image Source: KB Ganesh Kumar | Facebook
തിരുവനന്തപുരം ∙ ഗതാഗതമന്ത്രിയുടെ മേശപ്പുറത്തിരിക്കുകയാണ് പുതിയ ‘ഔദ്യോഗിക വാഹനം’. മന്ത്രിവാഹനത്തിന്റെ നമ്പർ ആയ നമ്പർ–7 രേഖപ്പെടുത്തി പ്രത്യേകം രൂപകൽപന ചെയ്ത പുതിയ മോഡൽ ലാൻഡ് ക്രൂസർ. റിമോട്ടിൽ പറപറക്കും വാഹനം ഇന്തൊനീഷ്യയിൽനിന്നാണ് കഴിഞ്ഞദിവസം എത്തിയത്. ഇതോടെ മന്ത്രി കെ. ബി.ഗണേഷ്കുമാറിന്റെ കളിപ്പാട്ട കാർ ശേഖരത്തിൽ റിമോട്ടിൽ ഓടുന്ന വാഹനങ്ങളുടെ എണ്ണം 600 കടന്നു.
കളിപ്പാട്ട വാഹനങ്ങളോടു ചെറുപ്പം മുതലുള്ള കൂട്ടാണ് മന്ത്രിക്ക്. ജർമനിയിൽനിന്നുള്ള ലോറിയുടെ ഭാഗങ്ങളെത്തിയതാണ് പുതിയ വാർത്ത. 1400 പാർട്സുകളുണ്ട് യോജിപ്പിക്കാൻ. ദിവസവും ഒരു മണിക്കൂർ ഇതിനായി മന്ത്രി ചെലവഴിക്കും. 1.6 ലക്ഷം രൂപയാണ് വില.
മന്ത്രിയുടെ 2 ആൺമക്കളും എവിടെ പോയി വന്നാലും അച്ഛന് ഒരു കാറോ ജീപ്പോ വാങ്ങിച്ചു കൊടുക്കും. ഭാര്യ ബിന്ദു മേനോൻ ദുബായിൽ നിന്നു കൊണ്ടുവന്നത് ഏഴര കിലോയുള്ള മണ്ണുമാന്തി യന്ത്രം. ദുബായിലെ ഏറ്റവും വലിയ കളിപ്പാട്ടക്കടയിൽനിന്ന് ആഴ്ചയിൽ രണ്ട് വിളി മന്ത്രിക്കെത്തും. പുതിയ കളിപ്പാട്ടത്തിന്റെ അറിയിപ്പാണ് അത്.
