ലയണൽ മെസ്സി, Photo:Getty Images via AFP
ന്യൂയോര്‍ക്ക്: എംഎല്‍എസ് ക്ലബ്ബ് ഇന്റര്‍ മയാമിയിലാണ് ക്ലബ്ബ് കരിയര്‍ അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി. ഇഎസ്പിഎന്നിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കാനായിട്ടില്ലെന്ന സൂചനയും മെസ്സി നല്‍കി. ലോകകപ്പ് ജേതാവായ മെസ്സിക്ക് 2025-വരെ മയാമിയുമായി കരാറുണ്ട്.
‘ഇന്റര്‍ മയാമിയായിരിക്കും എന്റെ അവസാന ക്ലബ്ബെന്നാണ് എനിക്ക് തോന്നുന്നത്. എന്നാല്‍ ഫുട്‌ബോള്‍ വിടാന്‍ ഞാന്‍ തയ്യാറായിട്ടില്ല. ഞാന്‍ ഫുട്‌ബോള്‍ കളിക്കുന്നത് ഇഷ്ടപ്പെടുന്നു. പരിശീലനവും മത്സരമുള്ള ഓരോ ദിവസവും ഞാന്‍ ആസ്വദിക്കുന്നു.എന്നാല്‍ എല്ലാത്തിനും അവസാനമുണ്ടല്ലോയെന്നതില്‍ നേരിയ ഭയമുണ്ട്’. – മെസ്സി പറഞ്ഞു.
2003-ല്‍ ബാഴ്‌സലോണയുടെ സീനിയര്‍ ടീമിനായി അരങ്ങേറിയ മെസ്സി പിന്നീട് 17-വര്‍ഷം ക്ലബ്ബില്‍ കളിച്ചു. നാല് ചാമ്പ്യന്‍സ് ലീഗും പത്ത് ലാലിഗ കിരീടങ്ങളും ഇക്കാലയിളവില്‍ ബാഴ്‌സ കുപ്പായത്തില്‍ മെസ്സി നേടി. ബാഴ്‌സയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളായി അര്‍ജന്റൈന്‍ താരം മാറി. 2021-ല്‍ ക്ലബ്ബ് വിട്ട മെസ്സി പിന്നീട് ഫ്രഞ്ച് ക്ലബ്ബ് പാരിസ് സെയിന്റ് ജര്‍മനായി ബൂട്ട്‌കെട്ടി. രണ്ട് സീസണിന് ശേഷമാണ് താരം മയാമിയിലേക്ക് കൂടുമാറിയത്.
അര്‍ജന്റീനയ്ക്കായി കോപ്പ അമേരിക്കയും ലോകകപ്പും നേടിയ മെസ്സി മറ്റൊരു കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ തയ്യാറെടുപ്പിലാണ്. താരത്തിന്റെ അവസാന കോപ്പ അമേരിക്കയായിരിക്കും ഇത്തവണത്തേത്. ഗ്രൂപ്പ് എ യില്‍ പെറു, ചിലി, കാനഡ ടീമുകള്‍ക്കൊപ്പമാണ് മെസ്സിയും സംഘവുമുള്ളത്. ജൂണ്‍ 21-ന് കാനഡയുമായാണ് അര്‍ജന്റീനയുടെ ആദ്യ മത്സരം.
