മോഷ്ടാക്കളുടെ സിസിടിവി ദൃശ്യവും(ഇടത്ത്) മോഷണസംഘത്തിൽ ഉൾപ്പെട്ടവരുടെ ചിത്രങ്ങളും

കോട്ടയം: രാമപുരത്ത് ഉറങ്ങികിടക്കുകയായിരുന്ന സ്ത്രീയുടെ വളകള്‍ അറുത്തെടുത്ത് രക്ഷപ്പെട്ട മോഷണസംഘത്തിനായി തമിഴ്‌നാട്ടില്‍ പോലീസ് നടത്തിയത് വന്‍ ഓപ്പറേഷന്‍. കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ മുപ്പതോളം വരുന്ന പോലീസ് സംഘമാണ് തമിഴ്‌നാട്ടിലെ കാമാക്ഷിപുരം ഗ്രാമത്തില്‍ വ്യാപക പരിശോധന നടത്തിയത്. പോലീസ് നടത്തിയ പരിശോധനയില്‍ തമിഴ്‌നാട്ടിലെ ഗ്രാമത്തില്‍നിന്ന് മോഷണത്തിന് ഉപയോഗിക്കുന്ന ആയുധങ്ങളും മോഷ്ടാക്കള്‍ വില്‍പ്പന നടത്തിയ സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തു. മോഷണസംഘത്തില്‍ ഉള്‍പ്പെട്ടവരെക്കുറിച്ചുള്ള നിര്‍ണായകവിവരങ്ങളും അന്വേഷണത്തില്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

ഏപ്രില്‍ 28-ന് പുലര്‍ച്ചെ നാലുമണിയോടെയാണ് രാമപുരം പുതുവേലി ചോരക്കുഴി സ്വദേശിയായ സ്ത്രീയുടെ വീട്ടില്‍ കവര്‍ച്ച നടന്നത്. വീടിന്റെ അടുക്കളഭാഗത്തെ ഗ്രില്ലിന്റെ പൂട്ടും അടുക്കളവാതിലും കുത്തിത്തുറന്ന മോഷ്ടാക്കള്‍ കിടപ്പുമുറിയില്‍ ഉറങ്ങികിടക്കുകയായിരുന്ന വീട്ടമ്മയുടെ കൈയില്‍ അണിഞ്ഞിരുന്ന രണ്ട് സ്വര്‍ണവളകളും കട്ടര്‍ ഉപയോഗിച്ച് അറുത്തെടുക്കുകയായിരുന്നു.

പ്രാഥമിക അന്വേഷണത്തില്‍ പോലീസിന് മോഷ്ടാക്കളെക്കുറിച്ച് തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തില്‍ രാമപുരം,പാലാ,ചങ്ങനാശ്ശേരി, പൊന്‍കുന്നം,കാഞ്ഞിരപ്പള്ളി തുടങ്ങിയ കോട്ടയം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും സംസ്ഥാനത്തിന്റെ മറ്റു പല പ്രദേശങ്ങളിലും മോഷണം നടത്തുന്ന സന്തോഷ്, വേലന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് രാമപുരത്തെ കവര്‍ച്ചയ്ക്ക് പിന്നിലെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇരുവരെയും തമിഴ്‌നാട്ടിലെ തേനിയില്‍നിന്ന് പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പിന്നീട് കസ്റ്റഡിയില്‍ വാങ്ങി നടത്തിയ ചോദ്യംചെയ്യലിലാണ് മോഷണസംഘത്തെക്കുറിച്ചുള്ള കൂടുതല്‍വിവരങ്ങള്‍ ലഭിച്ചത്.

കാമാക്ഷിപുരത്തേക്ക് പോലീസ്

കസ്റ്റഡിയില്‍ വാങ്ങിയ രണ്ട് പ്രതികളെ ചോദ്യംചെയ്തതില്‍നിന്ന് തമിഴ്‌നാട്ടിലെ കാമാക്ഷിപുരം ഗ്രാമത്തില്‍നിന്നുള്ളവരാണ് മോഷണത്തിന് പിന്നിലെന്ന് പോലീസിന് വ്യക്തമായി. ഇതോടെ മോഷണസംഘത്തില്‍പ്പെട്ട മറ്റുള്ളവരെ കണ്ടെത്താനായി പോലീസ് കാമാക്ഷിപുരത്തേക്ക് തിരിച്ചു. പാലാ ഡി.വൈ.എസ്.പി. കെ സദന്‍, എസ്.എച്.ഓ മാരായ ജോബിന്‍ ആന്റണി, ബി. ഉണ്ണികൃഷ്ണന്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

സര്‍വസന്നാഹങ്ങളുമായി മൂന്ന് വാഹനങ്ങളിലായി മുപ്പതോളം പോലീസുകാരാണ് കാമാക്ഷിപുരത്തെത്തിയത്. രണ്ടുരാത്രിയും ഒരുപകലുമായി ഇവിടെ നടത്തിയ പരിശോധനയില്‍ മോഷണസംഘത്തിന്റെ കൈവശമുണ്ടായിരുന്ന ആയുധങ്ങളും ബൈക്കും ഇവര്‍ വില്‍പ്പന നടത്തിയ സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തു. ഇതിനുപുറമേ മോഷണസംഘത്തിലെ മൂന്നുപേരുടെ ചിത്രങ്ങളടക്കമുള്ളവിവരങ്ങള്‍ ഇവരുടെ വീടുകളില്‍നിന്നും ലഭിച്ചു. കേരളത്തില്‍ ജോലിചെയ്യുന്ന കാമാക്ഷിപുരം സ്വദേശികളുടെ വീടുകളിലും പോലീസ് സംഘം തിരച്ചില്‍ നടത്തിയിരുന്നു. ഗ്രാമത്തില്‍നിന്ന് കേരളത്തിലേക്ക് ജോലിക്കായി പോയവരെക്കുറിച്ചും വിവരങ്ങള്‍ ശേഖരിച്ചു.

ജോലിക്കായി കേരളത്തിലെത്തി മോഷണം നടത്തി മടങ്ങുന്നതാണ് ഇവരുടെ രീതി. പകല്‍സമയത്ത് ജോലിക്കിടെയാണ് മോഷണത്തിന് അനുയോജ്യമായ വീടുകള്‍ കണ്ടുവെയ്ക്കുന്നത്. തുടര്‍ന്ന് കാമാക്ഷിപുരത്തുനിന്നും കൂടുതല്‍ ആളുകളെ വിളിച്ചുവരുത്തിയശേഷം രാത്രിസമയത്ത് മോഷണം നടത്തുന്നതാണ് പതിവ്. വീടുകളുടെ വാതില്‍ പൊളിച്ച് അകത്തുകടക്കുന്നതാണ് ഇവരുടെ രീതിയെന്നും പോലീസ് പറഞ്ഞു.