Photo: Elon musk
ഉപഭോക്താക്കളുടെ പോസ്റ്റുകള്‍ക്ക് ലഭിക്കുന്ന ലൈക്കുകള്‍ ഹൈഡ് ചെയ്യാന്‍ എക്‌സ്. പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നതായി ഇലോണ്‍ മസ്‌ക് ബുധനാഴ്ച അറിയിച്ചു. ഡിഫോള്‍ട്ട് ആയി എല്ലാ എക്‌സ് ഉപഭോക്താക്കളുടേയും ലൈക്കുകള്‍ ഹൈഡ് ചെയ്യപ്പെടും. പ്രൈവറ്റ് ലൈക്കുകള്‍ ആയിരിക്കും ഇനി. അതായത് നിങ്ങള്‍ ആരുടേയെങ്കിലും പോസ്റ്റ് ലൈക്ക് ചെയ്താല്‍ അക്കാര്യം മറ്റാരും അറിയില്ല.
ഉപഭോക്താക്കള്‍ക്ക് സ്വതന്ത്രമായും സ്വകാര്യമായും പോസ്റ്റുകള്‍ക്ക് ലൈക്ക് കൊടുക്കാന്‍ ഇതുവഴി സാധിക്കും. ലൈക്കുകളുടെ പേരില്‍ ഉപഭോക്താക്കള്‍ക്ക് നേരെയുള്ള സൈബറാക്രമണങ്ങള്‍ തടയാനാണ് ഈ നീക്കം. ലൈക്ക് ചെയ്തതിന്റെ പേരില്‍ ആക്രമിക്കപ്പെടാതെ ആളുകളെ പോസ്റ്റുകള്‍ ലൈക്ക് ചെയ്യാന്‍ അനുവദിക്കേണ്ടതുണ്ടെന്ന് മസ്‌ക് പറഞ്ഞു.
തങ്ങള്‍ ലൈക്കുകൾ ഹൈഡ് ചെയ്യാൻ പോവുകയാണെന്നും ഉപഭോക്താക്കളുടെ പ്രതിച്ഛായ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ മാറ്റമെന്നും എക്സ് എഞ്ചിനീയറിങ് ഡയറക്ടര്‍ ഹോഫേ വാങ് കഴിഞ്ഞമാസം വ്യക്തമാക്കിയിരുന്നു.
മറ്റുള്ളവരുടെ പ്രതികരണത്തെ പേടിച്ച് നിരവധിയാളുകള്‍ അവരുടെ പ്രതിച്ഛായ ഭയന്ന് ലൈക്ക് ചെയ്യാന്‍ മടിക്കുന്നുണ്ട്. താമസിയാതെ ആരെങ്കിലും കാണും എന്ന ആശങ്കയില്ലാതെ നിങ്ങള്‍ക്ക് ലൈക്ക് ചെയ്യാന്‍ പറ്റും. നിങ്ങള്‍ കൂടുതല്‍ ലൈക്ക് ചെയ്യുന്നതിനനുസരിച്ച് നിങ്ങളുടെ ‘ഫോര്‍ യു’ അൽഗൊരിതം മെച്ചപ്പെടുമെന്നും വാങ് പറഞ്ഞു.
പുതിയ മാറ്റം അനുസരിച്ച് പോസ്റ്റ് പങ്കുവെച്ചയാള്‍ക്ക് മാത്രമെ ആരാണ് ലൈക്ക് ചെയ്തതെന്ന് അറിയാനാവൂ. ലൈക്കിനെ കൂടാതെ ആരെല്ലാം റീ പോസ്റ്റ് ചെയ്തിട്ടുണ്ടോന്നോ, ബുക്ക്മാര്‍ക്ക് ചെയ്തിട്ടുണ്ടെന്നോ മറ്റുള്ളവര്‍ക്ക് കാണാനാവില്ല. എന്നാല്‍ എത്ര ലൈക്കുകള്‍ പോസ്റ്റുകള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന എണ്ണം എല്ലാവര്‍ക്കും കാണാം.
