Photo | PTI

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിനായി യു.എസിലെത്തിയ ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് ഹോട്ടലില്‍ മതിയായ ഫിറ്റ്‌നസ് സൗകര്യങ്ങളില്ലെന്ന് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് ഹോട്ടലിനു പുറത്തെ ജിമ്മില്‍ അംഗത്വമെടുത്തിരിക്കുകയാണ് ബി.സി.സി.ഐ. ഹോട്ടലിലെ അസൗകര്യങ്ങളില്‍ ടീം അസംതൃപ്തരാണെന്നാണ് പുറത്തുവരുന്ന വിവരം. യു.എസിലെ ഡ്രോപ്പ് ഇന്‍ പിച്ചും പരിശീലനത്തിനായി മതിയായ സൗകര്യങ്ങളില്ലാത്തതും ടീമിനെ ചൊടിപ്പിച്ചിരുന്നു.

ലോങ് ഐലന്‍ഡില്‍ ടീമിന് അനുവദിച്ച ഹോട്ടലിലാണ് മതിയായ ഫിറ്റ്‌നസിനുള്ള അസൗകര്യമുള്ളത്. ഇതോടെ ടീമംഗങ്ങള്‍ക്കായി നഗരത്തിലെ ജിമ്മില്‍ അംഗത്വമെടുക്കുകയായിരുന്നു. ടീമംഗങ്ങള്‍ എല്ലാവരും നഗരത്തിലെ ജിം സൗകര്യങ്ങളാണ് ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

പരിശീലനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മതിയായ സൗകര്യങ്ങള്‍ യു.എസ്. ലഭ്യമാക്കിയിട്ടില്ലെന്ന് നേരത്തേതന്നെ ഇന്ത്യ ആക്ഷേപമുന്നയിച്ചിരുന്നു. കൂടാതെ ബാറ്റര്‍മാര്‍ക്ക് ഒട്ടും സുഖകരമല്ലാത്ത ഡ്രോപ്പ് ഇന്‍ പിച്ച് സൗകര്യങ്ങളും കളിയുടെ ഗതിയെ മാറ്റിമറിച്ചു. ഇതിനു പിന്നാലെയാണ് പുതിയ ആരോപണം വരുന്നത്.

അതേസമയം ഇന്ത്യ ഇന്ന് ന്യൂയോര്‍ക്കില്‍ യു.എസ്.എ.യെ നേരിടും. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് സൂപ്പര്‍ എട്ട് ഉറപ്പിക്കാനാവും. അയര്‍ലന്‍ഡ്, പാകിസ്താന്‍ ടീമുകള്‍ക്കെതിരേ ജയിച്ചാണ് ഇന്ത്യയുടെ വരവ്. മറുവശത്ത്, കാനഡയെയും പാകിസ്താനെയും തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് അമേരിക്ക.