രാഹുൽ ഗാന്ധി

കല്പറ്റ: വയനാട്ടിലേയും റായ്ബറേലിയിലേയും ജനങ്ങളെ സന്തോഷിപ്പിക്കുന്ന തീരുമാനമെടുക്കുമെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. വയനാട്ടിലെ ജനങ്ങൾ തന്നെ ഒരു കുടുംബാഗത്തെ പോലെ കണ്ടു. കഴിഞ്ഞ അഞ്ച് വർഷം വയനാട്ടിലെ ജനങ്ങൾ പൂർണപിന്തുണ നൽകിയെന്നും രാഹുൽ കല്പറ്റയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പറഞ്ഞു.

‘ഞാൻ രാജ്യം മുഴുവൻ യാത്ര ചെയ്യുമ്പോഴും 55 മണിക്കൂർ ഇ.ഡി. ചോദ്യം ചെയ്തപ്പോഴും 20-ലധികം കേസുകൾ എൻ്റെ പേരിൽ ചാർത്തിയപ്പോളും വയനാട്ടുകാ‍ർ എന്നെ പിന്തുണച്ചു. എൻ്റെ വീട് പോയപ്പോൾ ഞങ്ങളുടെ വീട്ടിൽ വന്നു നിൽക്കൂ എന്ന് പറഞ്ഞു പിന്തുണച്ചു. വയനാട്ടിലെ ജനങ്ങൾ എനിക്ക് നൽകിയത് വലിയ വിജയം മാത്രമല്ല ഞാൻ കഷ്ടപ്പെട്ട കാലത്ത് നിങ്ങളുടെ സ്നേഹവും വാത്സല്യവുംകൂടെയാണ്’, രാഹുൽ പറഞ്ഞു.

മണ്ഡലത്തിലെ ജനങ്ങൾ തന്നെ ഒരു കുടുംബാഗത്തെ പോലെ കണ്ടു. അതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. തന്റെ ജീവിതകാലം മുഴുവൻ ഇത് ഓർക്കും. രാത്രിയാത്ര, മനുഷ്യ വന്യമൃഗ സംഘർഷം, മെഡിക്കൽ കോളേജ് തുടങ്ങി വയനാടിന്റെ പ്രശ്നങ്ങൾക്ക് വേണ്ടതെല്ലാം ചെയ്യും.

വയനാടോ റായ്ബറേലിയോ എന്ന ചോദ്യത്തിന്റെ ഉത്തരം തനിക്ക് അറിയില്ലെന്നായിരുന്നു രാഹുലിന്റെ മറുപടി. വയനാട്ടിലേയും റായ്ബറേലിയിലേയും ജനങ്ങളെ സന്തോഷിപ്പിക്കുന്ന തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, രാഹുൽ വയനാട് വിട്ടേക്കുമെന്ന സൂചനയാണ് കെ.പി.സി.സി. നൽകുന്നത്. നമ്മൾ ദുഃഖിച്ചിട്ട് കാര്യമില്ല. ഇന്ത്യ നയിക്കേണ്ട രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ വന്ന് നിൽക്കാൻ ആകില്ലെന്നായിരുന്നു വിഷയത്തിൽ കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ പറ‍ഞ്ഞത്.