Photo | AP

ആന്റിഗ്വ: ടി20 ലോകകപ്പ് ഗ്രൂപ്പ് ബിയില്‍ നമീബിയക്കെതിരേ വമ്പന്‍ ജയംനേടി ഓസ്‌ട്രേലിയ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ നമീബിയയെ ഓസ്‌ട്രേലിയ 72 റണ്‍സില്‍ പുറത്താക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 5.4 ഓവറില്‍ കളി ജയിച്ചു. സ്‌കോര്‍: 74-1. നാലോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ പിഴുത ആദം സാംബയാണ് നമീബിയയെ തകര്‍ത്തത്.

17 പന്തില്‍ 34 റണ്‍സ് നേടിയ ട്രാവിസ് ഹെഡ്, എട്ടു പന്തില്‍ 20 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണര്‍, ഒന്‍പത് പന്തില്‍ 18 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷ് എന്നിവരുടെ കൂറ്റനടികള്‍ ഓസ്‌ട്രേലിയന്‍ ജയം അനായാസമാക്കി. നേരത്തേ നമീബിയക്കുവേണ്ടി ക്യാപ്റ്റന്‍ ജെറാര്‍ഡ് ഇറാസ്മസ് (43 പന്തില്‍ 36) ഒറ്റയാള്‍ പോരാട്ടം നടത്തിയിരുന്നു. ഒന്‍പതാമതായാണ് ഇറാസ്മസ് പുറത്തായത്.

ഇറാസ്മസിനെക്കൂടാതെ ഓപ്പണര്‍ മൈക്കല്‍ വാന്‍ ലിന്‍ജന്‍ (10) ഒഴിച്ച് നമീബിയയില്‍ മറ്റാരും രണ്ടക്കം കടന്നില്ല. ഓസ്‌ട്രേലിയന്‍ നിരയില്‍ ഡേവിഡ് വാര്‍ണറാണ് പുറത്തായ ഏക ബാറ്റര്‍.