ഡാനിയേല വയറ്റും ജോർജി ഹോഡ്ജും | Photo: Instagram/ Danielle Wyatt

ഇംഗ്ലീഷ് ക്രിക്കറ്റ് താരം ഡാനിയേല വയറ്റ് വിവാഹിതയായി. ഏറെക്കാലമായി പങ്കാളിയായ സിഎഎ ബേസിലെ ഫുട്ബോള്‍ മേധാവിയും ലണ്ടനിലെ എഫ്എ ലൈസന്‍സുള്ള സ്‌പോര്‍ട്‌സ് ഏജന്റുമായ ജോര്‍ജി ഹോഡ്ജിനെയാണ് ഡാനിയേല ജീവിതപങ്കാളിയാക്കിയത്.

ഇംഗ്ലണ്ടിലെ ചെല്‍സി ഓള്‍ഡ് ടൗണ്‍ ഹാളില്‍ അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വെള്ള നിറത്തിലുള്ള മിനി ഗൗണായിരുന്നു ഇരുവരുടേയും ഔട്ട്ഫിറ്റ്.

വിവാഹത്തിന്റെ ചിത്രങ്ങള്‍ ജോര്‍ജി ഹോഡ്ജ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ‘ഒരുമിച്ചുള്ള ജീവിതം ഔദ്യോഗികമാക്കുന്നു’ എന്ന ക്യാപ്ഷനോടെയാണ് ജോര്‍ജി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

2023 മാര്‍ച്ചിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞത്. ജോര്‍ജി ഹോഡ്ജിനെ ചുംബിക്കുന്ന, മോതിരം ക്യാമറയിലേക്ക് നീട്ടിപ്പിടിച്ച ചിത്രം പങ്കുവെച്ചാണ് ഇംഗ്ലീഷ് താരം സോഷ്യല്‍ മീഡിയയില്‍ സന്തോഷവാര്‍ത്ത പങ്കുവെച്ചത്. 2019 മുതലാണ് ഇരുവരും ഡേറ്റിങ് ആരംഭിച്ചത്. ലണ്ടനില്‍ താമസിക്കുന്ന ഡാനിയേലയും ജോര്‍ജിയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

31-കാരിയായ ഡാനിയേല ഇംഗ്ലണ്ടിനായി 102 ഏകദിനങ്ങളും 143 ട്വന്റി-20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2023-ലെ വനിതാ ട്വന്റി-20 ലോകകപ്പിന്റെ സെമി ഫൈനലില്‍ എത്തിയ ഇംഗ്ലീഷ് ടീമിന്റെ ഭാഗമായിരുന്നു ഡാനിയേല.

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ പ്രൊപ്പോസ് ചെയ്തും ഡാനിയേല വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു ഡാനിയേലയുടെ ഈ പ്രൊപ്പോസല്‍. പിന്നീട് സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറുമായി ഡാനിയേല പ്രണയത്തിലാണെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.