ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് (File photo by AFP / Money SHARMA)

ന്യൂഡൽഹി∙ വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലേക്ക് വ്യാജ ഇ–മെയിൽ സന്ദേശമയച്ച പതിമൂന്നുകാരൻ കസ്റ്റഡിയിൽ. ഡൽഹിയിൽനിന്ന് ടൊറന്റോയിലേക്ക് പോകുന്ന എയർ കാനഡ വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം ജൂൺ 4ന് വൈകിട്ട് 10.50നാണ് ലഭിക്കുന്നത്. തുടർന്ന് 12 മണിക്കൂറോളം വിമാനം വൈകി.

അന്വേഷണത്തിൽ ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിയായ കുട്ടിയാണ് സന്ദേശം അയച്ചതെന്ന് കണ്ടെത്തി. ഇ–മെയിൽ അയച്ചത് തമാശയ്ക്കാണെന്നും തന്നെ കണ്ടുപിടിക്കാൻ ഉദ്യോഗസ്ഥർക്കാകുമോയെന്ന് പരിശോധിക്കുകയായിരുന്നു ലക്ഷ്യമെന്നും കുട്ടി മീററ്റ് പൊലീസിനോട് പറഞ്ഞു.

‘‘പുതുതായി ഒരു മെയിൽ ഐഡി നിർമിച്ച ശേഷം അമ്മയുടെ വൈഫൈ കണക്‌ഷൻ ഉപയോഗിച്ച് തന്റെ ഫോണിൽനിന്നാണ് കുട്ടി സന്ദേശം അയച്ചത്. അയച്ചശേഷം ഉടൻ തന്നെ ഇമെയിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്തു. പിറ്റേന്ന് രാവിലെ സംഭവം വലിയ വാർത്തയായത് മാധ്യമങ്ങളിൽ കണ്ടെങ്കിലും ഭയം കാരണം മാതാപിതാക്കളോട് പറഞ്ഞില്ല’’–‌പൊലീസ് പറഞ്ഞു. സന്ദേശം അയച്ച ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ കൗൺസിലിങ്ങിന് വിധേയനാക്കിയെന്നും അധികൃതർ അറിയിച്ചു.